

തിരുവനന്തപുരം: പതിനാറാം നിയമസഭയിലെ സ്പീക്കര്‍ പദവി അലങ്കരിക്കുക ഇനി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സമവായ മുഖം, രാഷ്ട്രീയ ജീവിതത്തിലെ അച്ചടക്കം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കോണ്‍ഗ്രസില്‍ വേറിട്ട വ്യക്തിത്വമാക്കുന്നത് ഈ പ്രവര്‍ത്തന ശൈലി തന്നെയാണ്.
മികച്ച സംഘാടകന്‍, വാഗ്മി, അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍. തോല്‍വി അറിയാതെ എട്ട് തവണ തുടര്‍ച്ചയായി നിയമസഭയില്‍. നാലുതവണ അടൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അടൂര്‍ സംവരണ മണ്ഡലമായപ്പോള്‍ പിന്നീട് സ്വന്തം തട്ടകമായ കോട്ടയം മണ്ഡലത്തിലേക്ക് എത്തി. ആഭ്യന്തരം, റവന്യു, ആരോഗ്യം, ഗതാഗതം, ജലസേചനം ഉള്‍പ്പെടെ എട്ട് വകുപ്പുകള്‍ രണ്ട് മന്ത്രിസഭകളില്‍ കൈകാര്യം ചെയ്ത വ്യക്തി.
കെഎസ്‌യു കാലം മുതല്‍ തിരുവഞ്ചൂരിന്റെ സംഘാടക മികവ് പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറി പദവിയും അലങ്കരിച്ചു. എ.കെ. ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ശിഷ്യനായി സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തന്നെയായിരുന്നു തിരുവഞ്ചൂര്‍ കേന്ദ്രീകരിച്ചത്. നിലവില്‍ കെപിസിസി അച്ചടക്കസമിതി അധ്യക്ഷനാണ്.
രാഷ്ട്രീയ എതിരാളികളോട് പോലും സൗമ്യ ഭാഷിയായി പെരുമാറുന്ന വ്യക്തിത്വത്തിന് ഉടമയായതിനാല്‍ നിയമസഭാ സ്പീക്കര്‍ പദവി അലങ്കരിക്കാന്‍ യോഗ്യന്‍ തിരുവഞ്ചൂര്‍ എന്ന് പാര്‍ട്ടി ഉറപ്പിക്കുകയായിരുന്നു. ഒപ്പം നിയമസഭയിലെ തഴക്കവും സഭ നടപടികളില്‍ മുതല്‍ക്കൂട്ടാകും. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഏറ്റവും മുതിര്‍ന്ന ആളാണ് തിരുവഞ്ചൂര്‍. മന്ത്രിയാകാന്‍ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടി ഏല്‍പ്പിച്ച ഉയര്‍ന്ന പ്രോട്ടോക്കോള്‍ പദവി സന്തോഷപൂര്‍വമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏറ്റെടുക്കുന്നത്.