

തിരുവനന്തപുരം: സംസ്ഥാനത്തെ വീണ്ടും കുളിരണിയിച്ച് തുലാവർഷ പെയ്ത്ത് തുടങ്ങി. കേരളത്തിൽ ഇന്നും നാളെയും മുഴുവൻ ജില്ലകളിലും മഴമുന്നറിയിപ്പ് ഉണ്ടാകും. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട് തുടരുകയാണ്. 19 വരെ ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്.
വടക്കുകിഴക്കൻ മൺസൂൺ കാറ്റിലൂടെ ഒക്ടോബർ പകുതിയോടെ കേരളത്തിൽ ലഭിക്കുന്ന രണ്ടാമത്തെ മഴക്കാലമാണ് തുലാവർഷം അഥവാ തുലാമഴ. തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) രാജ്യത്തുനിന്ന് പൂർണമായി പിൻവാങ്ങുന്നതോടെയാണ് തുലാവർഷം ആരംഭിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ നിന്നുണ്ടാകുന്ന ന്യൂനമർദ്ദങ്ങളും കാറ്റുമാണ് ഈ മഴയ്ക്ക് കാരണം. അതിശക്തമായ ഇടിമിന്നലും ശക്തമായ കാറ്റുമാണ് തുലാവർഷത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.