ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വർഗീയ താൽപ്പര്യമെന്ന് തുഷാർ വെള്ളാപ്പള്ളി. ഒരു സമുദായത്തിന്റെ വോട്ട് കിട്ടാൻ മറ്റൊരു സമുദായത്തെ തള്ളിപ്പറഞ്ഞു. കാന്തപുരത്തിന്റെ വേദിയിൽ എസ്എൻഡിപി യോഗത്തെ കരിവാരിത്തേച്ചു. വർഗീയ താൽപര്യമായിരുന്നു വി.ഡി. സതീശന് ഉണ്ടായിരുന്നത് എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
വി.ഡി. സതീശനെതിരെ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ രംഗത്തെത്തിയിരുന്നു. മലപ്പുറത്തെപ്പറ്റിയുള്ള സംസാരത്തെ വളച്ചൊടിച്ചെന്നും തന്നെ വർഗീയവാദിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വാദം. അതിൽ വ്യക്തത വരുത്തിയതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ വർഗീയവാദിയാണെന്ന് പറഞ്ഞു നടക്കുന്നത് വി.ഡി. സതീശൻ ആണ്. ഇന്നലെ പൂത്ത തകരയാണ് സതീശൻ. കാന്തപുരം തന്നെ സതീശനെതിരെ പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
"വെള്ളാപ്പളളി വർഗീയവാദിയാണെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പറയട്ടെ. എങ്കിൽ ഞാൻ അംഗീകരിക്കാം. രാഷ്ട്രീയത്തിൽ വരുമ്പോൾ സതീശന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു. സതീശൻ ഈഴവർക്കെതിരാണ് സംസാരിക്കുന്നത്. രണ്ട് സമുദായങ്ങൾ യോജിച്ചാൽ സുനാമി വരുമോ? യോജിക്കേണ്ടവർ യോജിക്കേണ്ട സമയത്ത് യോജിക്കും. ഐക്യത്തിന് എസ്എൻഡിപി മുൻകൈ എടുക്കും. ഈ ഐക്യത്തിന് പിന്നിൽ രാഷ്ട്രീയമില്ല. ആരുടെയും മധ്യസ്ഥതയില്ല. 21ന് യോഗം ചേർന്ന് ഐക്യം എങ്ങനെ വേണമെന്ന് തീരുമാനിക്കും", വെള്ളാപ്പള്ളി പറഞ്ഞു.