
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ സംസ്കാരച്ചടങ്ങിൻ്റെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനത്തിരക്ക് കാരണം വാഹനത്തിന് വേഗത്തിൽ നീങ്ങാൻ പറ്റുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"വി.എസിനെ കാണാൻ ചുറ്റും ജനങ്ങൾ കൂടുന്നു. വാഹനത്തിന് വേഗത്തിൽ നീങ്ങാൻ പറ്റുന്നില്ല. സംസ്കാര ചടങ്ങിൻ്റെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരും. സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനം അരമണിക്കൂറാക്കി വെട്ടിച്ചുരുക്കിയിട്ടുണ്ട്," എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
എട്ട് മണിക്കെങ്കിലും വീട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സമയക്രമമാകെ തെറ്റിയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഓരോ പോയിൻ്റിലും ആയിരക്കണക്കിന് ജനങ്ങളാണ് വിഎസിനെ കാണാൻ കാത്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീട്ടിലെ പൊതുദർശനം ഒരു മണിക്കൂറാണ് നിശ്ചയിച്ചിരിക്കുന്നത്. ജനപ്രവാഹം ശക്തമായതോടെ സമയം വെട്ടിച്ചുരുക്കാൻ സാധ്യതയുണ്ട്. ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശന സമയവും കുറച്ചിട്ടുണ്ട്.
തിരക്ക് വർധിച്ചതിനാൽ ബീച്ചിന് സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിൽ പങ്കാളികളാകണമെന്ന് നേതാക്കൾ ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്. റിക്രിയേഷൻ ഗ്രൗണ്ടിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകിട്ടോടെ വലിയ ചുടുകാട്ടിലേക്ക് സംസ്കാരത്തിനായി വിഎസിൻ്റെ ഭൗതികദേഹം കൊണ്ടുപോകും.