കലഹിച്ച, പോരടിച്ച, സ്വയമൊരു സമരമായി മാറിയ ജീവിതം!

സഖാവ് വി.എസ്. അച്യുതാനന്ദന്റെ നൂറ്റിമൂന്നാം ജന്മവാർഷികമാണിന്ന്
കലഹിച്ച, പോരടിച്ച, സ്വയമൊരു സമരമായി മാറിയ ജീവിതം!
Published on: 
Updated on: 

കേരളത്തിന്റെ വിപ്ലവ സൂര്യൻ സഖാവ് വി.എസ്. അച്യുതാനന്ദന്റെ നൂറ്റിമൂന്നാം ജന്മവാർഷികമാണിന്ന്. വിഎസ് ഇല്ലാത്ത രണ്ടാമത്തെ ജന്മവാർഷികം. കേരളത്തിന്റെ രാഷ്ട്രീയ–സാമൂഹിക മണ്ഡലങ്ങളിൽ കൊടുങ്കാറ്റായി ആഞ്ഞടിച്ച ആ മഹാജീവിതം ചരിത്രത്തിൽ അലിഞ്ഞുചേർന്നെങ്കിലും, വിഎസ് ബാക്കിവെച്ച പോരാട്ടവീര്യം ഇന്നും ജ്വലിച്ചുനിൽക്കുകയാണ്.

ഒരു മനുഷ്യായുസിന്റെ സമയരേഖയിൽ കൊടുങ്കാറ്റ് കൂടുകൂട്ടിയ വിഎസ് എന്ന കാലം. സഖാവ് വി.എസ്. അച്യുതാനന്ദൻ. കലഹിച്ച, പോരടിച്ച, സ്വയമൊരു സമരമായി മാറിയ ജീവിതം. പ്രസ്ഥാനമെന്ന പ്രവാഹത്തിനൊപ്പവും, ഒറ്റയ്ക്കും വിഎസ് മാറ്റിത്തീർത്ത ചരിത്രം സമയസ്ഥലികളിൽ കെട്ടിനിൽക്കാതെ പരിവർത്തനങ്ങളിലൂടെ ഇനിയും തുടരും. വിഎസ് മുറിച്ചുകടന്ന കനൽപ്പാതകൾ, താണ്ടിയ നാഴികക്കല്ലുകൾ, വിറപ്പിച്ച കോട്ടമതിലുകൾ, മറിച്ചിട്ട മാമൂലുകൾ. അസാന്നിധ്യത്തിന്റെ ഈ വേളയിൽ, കേരളത്തിന്റെ രാഷ്ട്രീയ ഓർമ്മകളിലെ പോർമുഖങ്ങളിൽ ഘനീഭവിച്ചു നിൽക്കുകയാണ് വിഎസ് എന്ന രണ്ടക്ഷരം.

കലഹിച്ച, പോരടിച്ച, സ്വയമൊരു സമരമായി മാറിയ ജീവിതം!
ജനകീയ പ്രശ്നങ്ങളില്‍ ശരിപക്ഷം തേടുമ്പോഴെല്ലാം വിഎസ് ഓര്‍മിക്കപ്പെടും

തോട്ടിൻകരക്കപ്പുറത്തെ ചെറ്റപ്പുരയിൽ അമ്മ അക്കമ്മയെ വസൂരി രോഗം കൊണ്ടുപോകുന്നത് കണ്ടുനിന്ന് അനാഥമായ ബാല്യത്തിന്റെ കണ്ണീരുറഞ്ഞാണ് വിഎസിന്റെ ഉള്ളിലാദ്യം തീ പൊട്ടിയത്. ജാതിമേലാളന്മാരുടെ മക്കൾ അപമാനിച്ചാൽ ഊരിത്തല്ലാൻ അരയിൽ പിടിയരഞ്ഞാണം കെട്ടിക്കൊടുത്ത് പള്ളിക്കൂടത്തിലേക്കയച്ച അച്ഛൻ അയ്യൻ ശങ്കരനാണ് ആ നിഷേധിയെ രൂപപ്പെടുത്തിയത്. പഠിത്തം നിർത്തി പതിനാലാം വയസിൽ ആസ്പിൻവാൾ ഫാക്ടറിയിൽ കയർ തൊഴിലാളിയായി ജോലി തുടങ്ങിയ ബാലനെ പ്രസ്ഥാനത്തിനായി കണ്ടെടുത്ത സഖാവ് പി. കൃഷ്ണപിള്ളയാണ് മാർക്സിസത്തിന്റെ മാനവിക ചേതനയിലേക്ക് ജ്ഞാനസ്നാനം ചെയ്തത്.

ബ്രിട്ടീഷ് സാമ്രാജ്യത്തിനും ദിവാൻ ഭരണത്തിനുമെതിരെ ഉത്തരവാദിത്ത ഭരണമാവശ്യപ്പെട്ട് പുന്നപ്ര–വയലാർ ദേശങ്ങളിൽ നടന്ന സായുധ സമരത്തെ തുടർന്ന് ഒളിവിൽ പോയ വിഎസിനെ പൂഞ്ഞാറിൽ വെച്ചാണ് പൊലീസ് പിടികൂടുന്നത്. പാർട്ടി രഹസ്യങ്ങളും ഇഎംഎസിന്റെയും കുന്തക്കാരൻ പത്രോസിന്റെയും ഒളിയിടവും ചോദിച്ച് മൃഗീയമായ പൊലീസ് ഭേദ്യം. ബോധം മറയുവോളം തല്ലി. ചൂരലിലടിച്ച് കാൽവെള്ള പൊട്ടിച്ചു. ബയണറ്റുകൊണ്ട് കാൽപ്പാദം കുത്തിത്തുളച്ചു. ഇടിമുറിയിൽ ചോര ചാലൊഴുകി. മരിച്ചെന്നു കരുതി കാട്ടിൽ തള്ളാൻ കൊണ്ടുപോകുമ്പോൾ ജീപ്പിലുണ്ടായിരുന്ന മോഷണക്കേസ് പ്രതി കോലപ്പനാണ് ചോരയിൽ നനഞ്ഞുകിടന്ന ആ ശരീരത്തിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. മൃതപ്രായനായ വിഎസിനെ പാലാ ആശുപത്രിയിൽ ഉപേക്ഷിച്ച് പൊലീസ് മടങ്ങി. മുറിച്ചിട്ടാൽ മുറികൂടുന്ന വിഎസ് എന്ന പ്രതിഭാസം അവിടെ തുടങ്ങുകയായിരുന്നു.

കലഹിച്ച, പോരടിച്ച, സ്വയമൊരു സമരമായി മാറിയ ജീവിതം!
"വീണ ജോർജിനെതിരെ കേസെടുത്ത് അന്വേഷിക്കണം", ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു; കരിങ്കൊടി കണ്ടാൽ ഇങ്ങനെ ഭയപ്പെടണോ എന്ന് മുരളീധരൻ്റെ പരിഹാസം

പിന്നെയും ഒളിവിടങ്ങൾ, തടവറകൾ, സമരമുഖങ്ങൾ, സംഘർഷങ്ങൾ. അവിഭക്ത പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം എന്നിങ്ങനെ സംഘടനാ ചുമതലകൾ. 57ൽ ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലോകത്തെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരമേൽക്കുമ്പോൾ വിഎസ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒൻപത് പേരിലൊരാൾ. 64ൽ സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ(എം) രൂപീകരിച്ച 32 പേരിൽ ഒരാൾ. പാർട്ടി ജയിക്കുമ്പോൾ വിഎസ് തോൽക്കുന്നതും, വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കുന്നതും പലകുറി കേരളം കണ്ടു. ആശയ സമരങ്ങൾ, വിഭാഗീയത, അച്ചടക്ക നടപടികൾ. ഒരു തരത്തിൽ പരാജയങ്ങളുടെ തുടർച്ചകളായിരുന്നു വിഎസിന്റെ പാർലമെന്ററി ജീവിതം. 'പരാജയങ്ങൾ ഭക്ഷിച്ച മനുഷ്യൻ' എന്നാണ് എം.എൻ. വിജയൻ വിഎസിനെ വിശേഷിപ്പിച്ചത്. പക്ഷേ, ആശയദൃഢതയിൽ ആ തോൽവികളെല്ലാം പിൽക്കാലത്ത് വലിയ രാഷ്ട്രീയ വിജയങ്ങളായി പരിണമിച്ചു. ഭൂരിപക്ഷം എപ്പോഴും ശരിയാവില്ലെന്ന് ബോധ്യപ്പെടുത്തിയ ജീവിതരേഖ.

ഭൂമിയുടെ ഇടതുപക്ഷ രാഷ്ട്രീയവും വിട്ടുവീഴ്ചയില്ലാത്ത സ്ത്രീപക്ഷ രാഷ്ട്രീയവും ഏറ്റെടുത്ത് നിരന്തരം പോർമുഖങ്ങൾ തുറന്ന വിഎസ് ഒടുവിൽ സമരകേരളത്തിന്റെ മനഃസാക്ഷിയായി മാറി. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ മാത്രമല്ല, മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോഴും വ്യവസ്ഥിതിയുടെ പ്രതിപക്ഷമായിരുന്നു ആ നിതാന്ത പോരാളി. പാർട്ടിക്കുള്ളിൽ കലഹിക്കുമ്പോഴും, വർഗ്ഗശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് പ്രസ്ഥാനത്തെ നെഞ്ചുറപ്പോടെ കാത്തുസൂക്ഷിച്ച വൻമതിൽ. 2019-ലെ പുന്നപ്ര വയലാർ രക്തസാക്ഷി അനുസ്മരണത്തിൽ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിഎസ് വിശ്രമത്തിലേക്ക് വഴിമാറിയത്. പിന്നീട് പൊതുവേദികളിൽ വിഎസ് എത്തിയില്ല. ആ ഗർജ്ജനം നിലച്ചുവെങ്കിലും സമകാലിക കേരളം ചർച്ച ചെയ്ത ഓരോ രാഷ്ട്രീയ സംഘർഷത്തിലും മലയാളികൾ ഒരേസ്വരത്തിൽ ചോദിക്കുന്നു. "ഇപ്പോൾ വിഎസ് ഉണ്ടായിരുന്നെങ്കിൽ എന്തു പറയുമായിരുന്നു...?"

News Malayalam 24x7
newsmalayalam.com