

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ജനവിധിയുണ്ടായില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. തെരഞ്ഞെടുപ്പ് ഫലം ആഴത്തില്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും തിരുത്താനുണ്ടെങ്കില്‍ തിരുത്തുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
ജനവിധി മാനിച്ചുകൊണ്ട് മുന്നോട്ട് പോകും. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് അവലോകനം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനം പൂര്‍ത്തിയാക്കിയ ശേഷം ജനുവരിയില്‍ ഇടതുമുന്നണി യോഗം ചേരും. അവസരവാദപരമായ നിലപാട് എല്‍ഡിഎഫ് സ്വീകരിക്കില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
തോറ്റു എന്നത് സത്യമാണ്. എന്നു കരുതി ആകെ തകര്‍ന്നടിഞ്ഞൊന്നും പോയിട്ടില്ല. യാഥാര്‍ഥ്യമെന്താണെന്ന് പരിശോധിക്കും. അധികാര തുടര്‍ച്ചയെ പൂര്‍ണമായും നിഷേധിക്കുന്ന ജനവിധിയല്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
ഭരണവിരുദ്ധ വികാരമുണ്ടെന്ന സിപിഐ നിലപാട് ശരിയെന്നോ തെറ്റെന്നോ ഞാന്‍ പറയുന്നില്ല. ഞാനും ക്ഷണിക്കുന്നു. ഇടതുമുന്നണി നയം സ്വീകരിക്കാന്‍ തയ്യാറാകുന്ന യുഡിഎഫിലെ ആരു വന്നാലും സ്വീകരിക്കും. വിഷയത്തില്‍ ലീഗ് അഭിപ്രായം പറഞ്ഞാല്‍ അപ്പോള്‍ ആലോചിക്കാം ആദ്യത്തെ കണ്ടീഷന്‍ രാഷ്ട്രീയ നിലപാട് പറയലാണെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
ജോസ് കെ. മാണി ഇടതുമുന്നണിയുടെ ഭാഗമാണ്. ഇടതുമുന്നണി അടിത്തറ ബലപ്പെടുത്തുന്ന നിലപാടുമായാണ് മുന്നോട്ടുപോകുന്നതെന്നും ടി.പി. രാമകൃഷ്ണന്‍ വിശദീകരിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കുന്നതിനെതിരെയും ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചു. ഗാന്ധിജിയുടെ പേര് പോലും ഉപേക്ഷിക്കുന്ന നിലപാടാണ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അവര്‍ നിലപാട് തിരുത്തണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന് എതിരായ പ്രമേയം എല്‍ഡിഎഫ് യോഗത്തില്‍ അവതരിപ്പിച്ചു. 22ന് കേന്ദ്ര സര്‍ക്കാരിനെതിരായ സമരം സംസ്ഥാന വ്യാപകമായി നടത്തുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.