

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. എത്ര വേണമെങ്കിലും പണിമുടക്ക് നടത്തിക്കോളൂ, എത്രകാലം തുടരുമെന്ന് നോക്കട്ടെ. സ്വകാര്യ ബസ് പണിമുടക്കുള്ള റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. അതിനാവശ്യമായ ബസുകൾ ഇന്നലെ രാത്രി തന്നെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പണി മുടക്കുന്ന ബസുകളുടെ ഫോട്ടോ എടുത്തിട്ടുണ്ട്. ബസ് സർവീസ് അവശ്യ സർവീസാണ്. സ്വകാര്യ ബസുകളുടെ ഹോൺ അടി പബ്ലിക് നുയിസൻസ് ആണ്. വിദേശത്ത് ഒക്കെ ആണേൽ ഹോൺ അടി കേട്ട് ദേഷ്യം വരുന്നവർ തോക്ക് എടുത്ത് വെടി വെച്ച് കളയുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസുകൾക്ക് ആദ്യമെത്താൻ ഉള്ള മരണപ്പാച്ചിലാണ് .ഇത് അനുവദിക്കില്ല. മൽസരയോട്ടം നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിമർശനങ്ങളെ ഭയന്ന് താൻ മിണ്ടാതിരിക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കെതിരെയാണ് കാക്കനാട് സ്വകാര്യ ബസ് തൊഴിലാളികളും ഉടമകളും ചേർന്ന് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. നിരന്തരം പരിശോധന നടത്തി പിഴ ചുമത്തുന്നുവെന്നാരോപിച്ചായിരുന്നു പണിമുടക്ക്. തിങ്കളാഴ്ച രാവിലെ കാക്കനാട് ബസ് സ്റ്റാൻഡിൽ ട്രിപ്പ് മുടക്കി കിടന്ന ബസുകൾക്കും കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവർക്കുമെതിരെ എംവിഡി പിഴ ചുമത്തിയതാണ് ബസ് തൊഴിലാളികളേയും ഉടമകളേയും പ്രകോപിപ്പിച്ചത്.