തൃശൂർ: ആരോഗ്യപ്രശ്നങ്ങൾക്ക് സാധാരണക്കാർക്ക് ആശ്വാസമാണ് സർക്കാർ ആശുപത്രികൾ, കൂടുതൽ വിദഗ്ധചികിത്സയ്ക്കും മറ്റും മെഡിക്കൽ കോളേജുകളെയാകും ആശ്രയിക്കുക. ഇനി ദന്തരോഗങ്ങളാണെങ്കിൽ ഡെന്റൽ മെഡിക്കൽ കോളേജുകളുമുണ്ട്. പക്ഷെ രോഗുകളുടെ ആധിക്യമോ, ജീവനക്കാരുടെ കുറവോ, ഉത്തരവാദിത്തമില്ലായ്മയോ എന്തോ കാരണത്താൽ പലപ്പോഴും കാലതാമസം നേരിടൽ, ചികിത്സാപ്പിഴവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ വൈകി വൈകി ഒരു വർഷം കഴിഞ്ഞ് എത്തുന്ന ചികിത്സ അൽപ്പം കടുപ്പമായിരിക്കും.
ഇപ്പഴിതാ തൃശൂർ മുളങ്കുന്നത്ത് കാവ് ഡെന്റൽ മെഡിക്കൽ കോളേജിൽ നിന്ന് അരിമ്പൂർ സ്വദേശിയായ യുവതിക്ക് ഉണ്ടായ അനുഭവമാണ് സോഷ്യൽ മീഡിയിയൽ ചർച്ചയാകുന്നത്. മായ എസ് പരമശിവം എന്ന യുവതി വളരെ രസകരമായാണ് അനുഭവം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചതെങ്കിലും, ഒട്ടും നിസാരമല്ലാത്ത വീഴ്ചയാണിതെന്ന് കാണാൻ സാധിക്കും. ദന്തരോഗവുമായി ഡോക്ടറെ കാണാൻ ചെല്ലുകയും, ഡോകടർ താമസിയാതെ തന്നെ പല്ല് എടുക്കണമെന്നും, പല്ലുകളുടെ പോട് അടയ്ക്കണമെന്നും ഡോക്ടർ പറഞ്ഞതായി മായ കുറിച്ചു.
പല്ലുകൾക്ക് തേയമാനം ഉള്ളതായും, പോടുകൾ അടയ്ക്കണമെന്നും, പല്ലുകൾ എടുക്കണമെന്നും ഡോക്ടർ പറഞ്ഞു. പല്ലെടുക്കാൻ കൂടെ ബൈസ്റ്റാൻഡർ വേണം. അന്ന് പറ്റില്ല. വൈകാതെ തന്നെ വേറൊരു ദിവസം വരണമെന്നും വരേണ്ട ദിവസം അറിയിക്കുമെന്നും, വിവരം അയക്കാനുള്ള പോസ്റ്റ് കാർഡ് വാങ്ങി വിലാസം ഉൾപ്പെടെ എഴുതി നൽകി അതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് അവർ ആശുപത്രിയിൽ നിന്ന് മടങ്ങിയത്.
പിന്നാലെ പല്ലിലെ പോടുകൾ അടയ്ക്കാനും, പല്ല് പറിക്കാനും അറിയിപ്പ് വരാൻ കാത്തിരുന്നു. എന്നാൽ അന്ന് നൽകിയ കാർഡ് ഒരു വർഷം കഴിഞ്ഞാണ് വന്നതെന്നും, കാർഡിന്റെ ഫോട്ടോ സഹിതം പങ്കുവച്ച കുറിപ്പിൽ പറയുന്നു."വേദനയെടുത്ത് വേദനയെടുത്ത് എന്റെ പല്ല് പ്രസവിച്ചെന്ന് തോന്നുന്നു. പിന്നെ വേദന വന്നിട്ടില്ല. "പക്ഷേ, കഴിഞ്ഞ ദിവസം പല്ല് പറിക്കാൻ ചെല്ലാൻ പറഞ്ഞുള്ള പോസ്റ്റുകാർഡ് വീട്ടിൽ എത്തി. 29-9-2024 ൽ വിലാസം എഴുതി നൽകിയ കാർഡ് എത്തി. 31/10/2025 ന് രാവിലെ 8.30നും 10.30നും ഇടയിൽ എത്തിച്ചേരണം. കൃത്യം ഒരു വർഷം 1 മാസം 5 ദിവസം" എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം;
" പല്ലുവേദന ചിലപ്പോഴൊക്കെ പ്രസവവേദന പോലെ കഠിനമാണെന്ന് റൂസോ പറഞ്ഞിട്ടുണ്ട്.
26/9/2024 നാണ് ഒരാഴ്ച നീണ്ടുനിന്ന പല്ലുവേദനയുമായി ഡെന്റൽ മെഡിക്കൽ കോളേജിൽ പോയത്. അധികം കാത്തുനിൽക്കാതെ തന്നെ ഡോക്ടറെ കാണാൻ പറ്റി. വേദനയുള്ള പല്ല് കൂടാതെ വായിൽ ബാക്കിയുള്ള എല്ലാ പല്ലുകളും വളരെ നന്നായി പരിശോധിച്ചശേഷം,
ഡോക്ടർ: ചേച്ചി എത്ര പ്രാവശ്യം പല്ല് തേയ്ക്കും?
ഞാൻ: " രാവിലെയും ഉച്ചയ്ക്കും രാത്രിയിലും പിന്നെ ചിലപ്പോഴൊക്കെ ഭക്ഷണം കഴിച്ചതിനു ശേഷവും, പിന്നെ പുറത്തോട്ട് പോകുമ്പോഴും."
ഡോ: " മണൽ വെച്ചാണോ തേയ്ക്കുന്നത്."
ഞാൻ: "അല്ല."
ഡോ: " അത്രയും തേയ്മാനമുണ്ട് അതുകൊണ്ട് ചോദിച്ചതാ. രണ്ടു നേരം പല്ലുതേച്ചാൽ മതിയാവും കേട്ടോ? "
ഞാൻ : ""
ഡോ : " വേദനയുള്ള പല്ല് എടുക്കണമെങ്കിൽ കൂടെ ആൾ വേണം. ഉണ്ടെങ്കിലും ഇന്ന് എടുക്കാൻ പറ്റില്ല. വേറൊരു ദിവസം വരാൻ വേണ്ടി ഇവിടെ നിന്നും card അയക്കും. അന്ന് ബൈസ്റ്റാൻഡർ കൂടെ വേണം.ഇപ്പോൾ ഈ കുറിപ്പുമായി ഇടത്തോട്ട് പോയി രണ്ടാമത്തെ വലതു വശത്തുള്ള വഴിയിലൂടെ പോയി മൂന്നാമത്തെ മുറിയിൽ ഇതു കൊടുക്കണം "
ഞാൻ അങ്ങനെ ആ കുറിപ്പുമായി ഇടത്തോട്ട് പോയി രണ്ടാമത്തെ വലതു വശത്തുള്ള വഴിയിലൂടെ പോയി മൂന്നാമത്തെ തുറന്നുകിടക്കുന്ന മുറിയിൽ കുറിപ്പ് കൊടുത്തു.
അപ്പോൾ അവിടത്തെ നേഴ്സ്: "നിങ്ങൾ ഇവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് താഴേക്ക് ഇറങ്ങി, ഇടത്തേക്ക് നോക്കുമ്പോൾ കാന്റീൻ കാണാം അവിടെ നിന്നും പോസ്റ്റ് കാർഡ് വാങ്ങി വരണം.
അങ്ങനെ ഞാൻ അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് താഴേക്ക് ഇറങ്ങി, ഇടത്തേക്ക് നോക്കിയപ്പോൾ കണ്ട കാന്റീനിൽ നിന്നും പോസ്റ്റ് കാർഡ് വാങ്ങി തിരിച്ച് വലത്തോട്ട് പോയി മുകളിലോട്ട് കയറി ഇടത്തോട്ട് തിരിഞ്ഞ് അതേ റൂമിൽ കൊണ്ടുപോയി കൊടുത്തു.
അപ്പോൾ മുൻപേ കണ്ട സിസ്റ്ററിന്റെ അടുത്തു നിൽക്കുന്ന നേഴ്സ് : "ഈ റൂമിന് വെളിയിൽ ഇറങ്ങി കുറച്ച് മുന്നോട്ട് നടക്കുമ്പോൾ ചുമരിൽ എഴുതിയത് ഈ കാർഡിലേക്ക് എഴുതണം. കൂടെ നിങ്ങളുടെ അഡ്രസ്സും."
അങ്ങനെ ഞാൻ ആ റൂമിന് വെളിയിൽ ഇറങ്ങി കുറച്ച് മുന്നോട്ട് നടന്നപ്പോൾ ചുമരിൽ എഴുതിയത് എന്റെ കയ്യിലിരുന്ന കാർഡിലേക്ക് അങ്ങനെ പകർത്തി എഴുതി. അത് ഇങ്ങനെ ആയിരുന്നു.
"ഈ കാർഡും op ടിക്കറ്റുമായി ----------- രാവിലെ 8.30 നും 10.30നും ഇടയിലായി ഗവ ഡെന്റൽ കോളേജിൽ എത്തിച്ചേരുക"
ഇത്രയും സിസ്റ്റമാറ്റിക് ആയ ഹോസ്പിറ്റലിനെ കുറിച്ച് പല്ല് പറിക്കാൻ ആഗ്രഹിക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കളോടും വാചാലയായി.
എന്തിനേറെ, ചിരിക്കുമ്പോൾ "എൻ കളിത്തോഴനെ പോലൊരു സുന്ദരൻ തിങ്കളേ നിൻ വിണ്ണിലുണ്ടോ"എന്ന് പാടാൻ തോന്നുന്നത്രയും മനോഹരനായ എന്റെ കാമുകന്റെ മുൻവശത്തെ പല്ലിന് ചെറിയൊരു ആട്ടമുണ്ട് എന്നുപറഞ്ഞപ്പോൾ ഞാൻ ഡെന്റൽ മെഡിക്കൽ കോളേജ് ആണ് suggest ചെയ്തത്. അങ്ങേരുടെ പല്ല് പോയാൽ മുൻപേ എഴുതിയ പാട്ട് ഞാൻ മാറ്റേണ്ടി വരും.
അങ്ങനെ പല്ല് പറിക്കാനുള്ള തീയതി അറിയിച്ചുകൊണ്ടുള്ള കാർഡ് പ്രതീക്ഷിച്ചു കൊണ്ട് ഞാൻ ദിവസങ്ങളെണ്ണി ഇരിപ്പായി. അങ്ങനെ റൂസോ പറഞ്ഞതുപോലെ വേദനയെടുത്ത് വേദനയെടുത്ത് എന്റെ പല്ല് പ്രസവിച്ചെന്ന് തോന്നുന്നു. പിന്നെ വേദന വന്നിട്ടില്ല.
പക്ഷേ, കഴിഞ്ഞ ദിവസം പല്ല് പറിക്കാൻ ചെല്ലാൻ പറഞ്ഞുള്ള പോസ്റ്റുകാർഡ് വീട്ടിൽ എത്തി. 31/10/2025 ന് രാവിലെ 8.30നും 10.30നും ഇടയിൽ....
ഒരു വർഷം 1 മാസം 5 ദിവസം...."
രസകരമായ കുറിപ്പാക്കി എഴുതിയാണ് യുവതി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഒട്ടു നിസാരമല്ല കാര്യമെന്ന് മനസിലാക്കേണ്ടതുണ്ട്. എത്ര വൈകിയാലും ഒരുവർഷവരെയൊക്കെ ആള് തന്നെ ഉണ്ടാകുമെന്ന് ആശുപത്രി കരുതിയല്ലോ, ഇച്ചിരി വൈകിയാണെങ്കിലും വന്നല്ലോ, പല്ലുവേദന ചമ്മി തിരിച്ചുപോയിക്കാണും എന്നുതുടങ്ങി രസകരമായ കമന്റുകളുമായി പലരും പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. അതിനിടെ സമാനമായ അനുഭവം പങ്കുവച്ചും ചിലരെത്തി. 2024 ഫെബ്രുവരിയിൽ പോയിട്ടും ഇതുവരെ അറിയിപ്പുലഭിച്ചിട്ടില്ലെന്നും, പിന്നീട് പ്രൈവറ്റ് ആശുപത്രികളെ ആശ്രയിച്ചെന്നും ചിലർ പറയുന്നു.