കണ്ണൂർ: പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചതിൽ വഴിത്തിരിവ്. കൊച്ചുമക്കൾക്ക് വിഷം നൽകിയ ശേഷം അമ്മയും മകനും ജീവനൊടുക്കിയെന്ന് സംശയം. മുറിയിലെ മേശയിൽ മദ്യക്കുപ്പിയും കീടനാശിനിയുടെ കുപ്പിയും കണ്ടെത്തി. മുറിയിൽ കുപ്പിയിൽ പാലും ഉണ്ടായിരുന്നു. പാലിൽ കീടനാശിനി കലർത്തി കുട്ടികൾക്ക് നൽകിയെന്നാണ് പോലീസിന്റെ സംശയം. ജീവനൊടുക്കാൻ കാരണം കുടുംബ പ്രശ്‌നമാണെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് രാമന്തളി സെൻ്റർ വടക്കുമ്പാട് റോഡിനു സമീപത്തെ കൊയിത്തട്ട താഴത്തെ വീട്ടിൽ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ഉഷയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലാണ് കണ്ടത്. വീട്ടിനു മുന്നിൽ ഒരു കത്തും ഉണ്ടായിരുന്നു. തുടർന്ന് കത്തുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോൾ ഉഷയെയും കലാധരനെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളും നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)