

കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) നടപടികള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരത്തിനിറങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഒരുമിച്ച് കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യണമെന്ന് ട്വന്റി20 സംസ്ഥാന അധ്യക്ഷന്‍ സാബു എം. ജേക്കബ് ആവശ്യപ്പെട്ടു. എസ്ഐആര്‍ നടപടികള്‍ വ്യാജമാണെന്ന നിലപാടുള്ള ഇരുവരും അധികാരസ്ഥാനങ്ങളില്‍ ഒരുനിമിഷം പോലും തുടരാന്‍ അര്‍ഹരല്ലെന്നും വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകണമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ നടപ്പിലാക്കിയ എസ്ഐആര്‍ മികച്ചതും മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയത് മോശവുമെന്ന നിലപാട് തികഞ്ഞ കാപട്യമാണ്. മരിച്ചവരും ഇരട്ടവോട്ടുകളും ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് മാത്രം 24 ലക്ഷം വ്യാജവോട്ടുകളാണ് എസ്ഐആര്‍ വഴി കമ്മീഷന്‍ വെട്ടിനീക്കിയത്. ഇതില്‍ യാതൊരു പരാതിയും ഉന്നയിക്കാത്തവരാണ് മറ്റു സംസ്ഥാനങ്ങളിലെ നടപടിയെ 'വോട്ട് ചോരി' എന്ന് അധിക്ഷേപിക്കുന്നതും ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നതും. ജനങ്ങളെ കബളിപ്പിക്കാനാണ് ഈ നാടകമെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന രത്തന്‍ യു. ഖേല്‍ക്കറെയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ഇങ്ങനെയൊരു പശ്ചാത്തലമുള്ള മുഖ്യമന്ത്രിക്ക് എന്ത് ധാര്‍മ്മികതയുടെ പേരിലാണ് ഡല്‍ഹിയില്‍ പോയി സമരം നടത്താന്‍ കഴിയുന്നതെന്നും സാബു എം. ജേക്കബ് ചോദിച്ചു.
ജനങ്ങളെ പറ്റിക്കുന്ന കാര്യത്തില്‍ വി.ഡി. സതീശനും പിണറായി വിജയനും ഒരമ്മപെറ്റ മക്കളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയില്‍ സമരം ചെയ്ത ഇരുവരും ധൈര്യമുണ്ടെങ്കില്‍ കേരളത്തിലും എസ്ഐആറിനെതിരെ ഒരുമിച്ച് സമരത്തിനിറങ്ങണം. ഡല്‍ഹിയിലെ സമരത്തിനിറങ്ങും മുന്‍പ് പിണറായി വിജയന്‍ പൊലീസ് കസ്റ്റഡിയിലായപ്പോള്‍ സിപിഐഎം പ്രവര്‍ത്തകരേക്കാള്‍ വേദനിച്ചത് വി.ഡി. സതീശനാണ്. അദ്ദേഹത്തെ പുറത്തിറക്കാന്‍ ആദ്യം ഇടപെട്ടതും സതീശന്‍ തന്നെയാണ്. ഭരണ-പ്രതിപക്ഷങ്ങളുടെ ഈ ഒത്തുകളിയും ഇരട്ടത്താപ്പും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.