വാളയാർ ആൾക്കൂട്ട കൊലപാതകം: രണ്ടുപേർ കൂടി അറസ്റ്റിൽ; പ്രതികൾക്കായി കോയമ്പത്തൂരിലും അന്വേഷണം

അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരാണ് അറസ്റ്റിലായത്
വാളയാർ ആൾക്കൂട്ട കൊലപാതകം: രണ്ടുപേർ കൂടി അറസ്റ്റിൽ; പ്രതികൾക്കായി കോയമ്പത്തൂരിലും അന്വേഷണം
Source: News Malayalam 24x7
Published on
Updated on

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ അതിഥിത്തൊഴിലാളി ഛത്തീസ്ഗഡ് സ്വദേശി റാം നാരായൺ ഭാഗേൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇരുവരെയുെം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസിന് ലഭിച്ച വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തത്. പുതിയ അന്വേഷണ സംഘം ഇന്നലെ സ്ഥലത്തെത്തി സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. ജനപ്രതിനിധികൾ, വ്യാപാരികൾ എന്നിവരുടെ മൊഴിയെടുത്തു. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നിലവിൽ അറസ്റ്റിലായവർക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമുണ്ട്. അഞ്ചുപേരാണ് അറസ്റ്റിലുള്ളത്. മർദനത്തിൽ ഉൾപ്പെട്ടവരിൽ ചിലർ തമിഴ്നാട്ടിലേക്ക് കടന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ പൊലീസിന്റെ സഹായത്തോടെ അവിടെയും അന്വേഷണം നടക്കുകയാണ്.

കേസിൽ പിടിയിലായ പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികൾ ബിജെപി അനുഭാവികളെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ കണ്ടെത്തൽ. ഇതിൽ ഒന്നും രണ്ടും പ്രതികളായ അനു, പ്രസാദ് എന്നിവർ സിഐടിയു, ഡിവൈഎഫ്ഐ പ്രവർത്തകരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ സുബൈർ കേസിലെ പ്രതി ജിനീഷ് സ്ഥലത്തെത്തി. ഇതിൻ്റെ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. 4-ാം പ്രതി ആനന്ദൻ സിഐടിയു പ്രവർത്തകനെന്നും റിപ്പോർട്ടിലുണ്ട്. പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.

വാളയാർ ആൾക്കൂട്ട കൊലപാതകം: രണ്ടുപേർ കൂടി അറസ്റ്റിൽ; പ്രതികൾക്കായി കോയമ്പത്തൂരിലും അന്വേഷണം
"വാളയാർ ആൾക്കൂട്ടക്കൊല കണ്ടപ്പോൾ ഓർമ വന്നത് മധുവിനെ"; പ്രതികരണവുമായി മധുവിൻ്റെ സഹോദരി സരസു

അതേസമയം, റാം നാരായണന്റെ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോയി. നഷ്ടപരിഹാരം നൽകാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഇന്നലെ ബന്ധുക്കൾ അറിയിച്ചിരുന്നു. ബന്ധുക്കളുമായി മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ചയിൽ 10 ലക്ഷം രൂപയിൽ കുറയാത്ത തുക നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പുനൽകി. മൃതദേഹം എംബാം ചെയ്ത ശേഷം ഛത്തീസ്ഗഡിലേക്ക് എത്തിക്കാനുള്ള ചിലവും സർക്കാർ വഹിക്കുമെന്ന് അറിയിച്ചിരുന്നു. തുടർന്നാണ് ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായത്.

അതേസമയം, റാം നാരായണൻ്റെ കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കർ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കുറ്റവാളികൾക്ക് എതിരെ കടുത്ത നടപടിവേണമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ഛത്തീസ്ഗഡ് ചീഫ് സെക്രട്ടറി ഔദ്യോഗികമായി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com