കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുമ്പുതൂണ് തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. കൊല്ലം നീരാവിൽ സ്വദേശി സുധീഷ്, മൈനാഗപ്പള്ളി സ്വദേശി ആശ എന്നിവർക്കാണ് പരിക്കേറ്റത്. പുതിയ സ്റ്റേഷൻ കെട്ടിടത്തിൻ്റെ നിർമാണത്തിനായി ഉപയോഗിച്ചിരുന്ന തൂണാണ് ഇവരുടെ തലയിലേക്ക് വീണത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യമായി മറ കെട്ടാതെയാണ് പുതിയ കെട്ടിടത്തിൻ്റെ നിർമാണം നടക്കുന്നത്.
ഇന്ന് രാവിലെ 9.40ഓടെയാണ് അപകടമുണ്ടായത്. രാവിലെ ജോലിക്കായുൾപ്പെടെ യാത്രക്കാരെത്തുന്ന, വളരെ തിരക്കുപിടിച്ച സമയമാണ് ഇത്. ഈ പ്ലാറ്റ്‌ഫോമിലേക്ക് ചെന്നൈ മെയിൽ എത്തിയ സമയത്താണ് അപകടമുണ്ടായത്. ട്രെയിനിൽ കേറാൻ നിന്ന ഇരുവരുടെയും തലയിലേക്ക് തൂൺ പതിക്കുകയായിരുന്നു. വിഷയത്തിൽ റെയിൽ വേ അധികൃതർ പ്രതികരിച്ചിട്ടില്ല.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സർക്കാർ ജീവനക്കാരനായ സുധീഷിൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. സുധീഷിനെ ജില്ലാ ആശുപത്രിയിൽ നിന്ന് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരത്തേക്ക് പോകാൻ ട്രെയിൻ കയറാൻ എത്തിയതായിരുന്നു സുധീഷ്.
ട്രെയിൻ ഇറങ്ങി വന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആശയ്ക്കും പരിക്കേറ്റു. ആശയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. മൈനാഗപ്പള്ളി സ്കൂളിലെ അധ്യാപികയാണ് ആശ. നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.