

തിരുവനന്തപുരം: ഇത്തവണയും യുഡിഎഫ് മന്ത്രിമാരില്‍ ആര്‍ക്കും 13ാം നമ്പര്‍ കാറില്ല. 13ാം നമ്പര്‍ കാര്‍ എടുക്കാന്‍ വിസമ്മതിച്ചതോടെ 13ാം നമ്പര്‍ കാര്‍ ഒഴിവാക്കി. മുമ്പും യുഡിഎഫ് മന്ത്രിസഭയില്‍ ആരും 13ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നില്ല. 13ാം നമ്പര്‍ അശുഭമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നമ്പര്‍ കാര്‍ ഉപയോഗിക്കാന്‍ മടിക്കുന്നത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ ഈ നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയിരുന്നു.
2021ലെ പിണറായി മന്ത്രിസഭയില്‍ കൃഷി മന്ത്രി പി പ്രസാദ് ആണ് 13ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. 2016ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ആണ് 13ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തത്.
2006ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി തെരഞ്ഞെടുത്തതും 13ാം നമ്പര്‍ കാര്‍ ആയിരുന്നു.
13ാം നമ്പര്‍ അശുഭമാണെന്നുള്ള ധാരണകള്‍ അബദ്ധമാണെന്നും 13ന് ജനിക്കുന്ന കുട്ടിയുടെ ജനന തീയതി മാറ്റാനൊക്കുമോ എന്നും ആ ദിവസം വരുന്ന മറ്റു ആഘോഷങ്ങള്‍ മാറ്റാനൊക്കുമോ എന്നെല്ലാം പി പ്രസാദ് മന്ത്രിയായിരുന്ന കാലത്ത് പ്രതികരിച്ചിരുന്നു. ഈ നൂറ്റാണ്ടിലും അത്തരം ധാരണകള്‍ വച്ചു പുലര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും പി. പ്രസാദ് പറഞ്ഞിരുന്നു.