കണ്ണൂർ: ഫണ്ട് തിരിമറി ആരോപണത്തിലൂടെ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി രംഗത്തെത്തിയ വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ഫെബ്രുവരി 4 ന് പ്രകാശനം ചെയ്യും. നേതൃത്വത്തെ അണികൾ തിരുത്തണം എന്ന പേരിലാണ് പുസ്തകം പുറത്തിറക്കുന്നത്. ജോസഫ് സി. മാത്യു പ്രകാശനം നിർവഹിക്കും.
സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനമാണ് പുസ്തകത്തിലുള്ളത്. പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രയോഗത്തിൽ സാധാരണ തെരഞ്ഞെടുപ്പ് പാർട്ടിയുമായി സിപിഐഎം മാറി. കുറച്ചുകാലം കൊണ്ട് കേരളത്തിലെ പാർട്ടിയെ കമ്മ്യുണിസ്റ്റ് പാർട്ടിയല്ലാതാക്കി മാറ്റി. ഇത് ചെയ്തത് സംസ്ഥാന നേതൃത്വമാണ് എന്നാണ് കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ കുറിച്ചത്.
ചങ്ങാത്തമുതലാളിത്തം എന്നാൽ എന്തെന്ന് ആർക്കെങ്കിലും പ്രായോഗികമായി പഠിക്കണമെങ്കിൽ അത് കേരളത്തിലെ ചില പാർട്ടി നേതാക്കളെ പരിശോധിച്ചാൽ വലിയ ഗവേഷണപ്രബന്ധം തന്നെ തയ്യാറാക്കാൻ സാധിക്കും. ഉന്നതനേത്യത്വം തന്നെ ഇങ്ങനെ രൂപപ്പെട്ടുവരുന്നത് കമ്മ്യൂണിസ്റ്റ് സംഘടനാ രീതി കൈമോശം വന്ന ഒരു സാധാരണ പാർട്ടി ആയതുകൊണ്ടാണ്. സംഘടനയ്ക്കകത്ത് നിർബന്ധമായും ഉണ്ടാകേണ്ട വിമർശനവും സ്വയംവിമർശനവും, പരിഹാരവും ആവശ്യമായ നിലയിൽ നടക്കാത്തത് കൊണ്ടാണ് സിപിഐഎം ഒരു സാധാരണ പാർട്ടിയായി മാറിയതെന്നും വി. കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.