ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോടതിവിധി സ്വാഗതം ചെയ്ത് മന്ത്രി വി.എൻ. വാസവൻ. സ്ഥിരമായി ഒരു നിർമ്മിതി അവിടെ ഉണ്ടാകുന്നില്ല. താൽക്കാലികമായ പന്തലാണ് തയ്യാറാക്കുന്നത്. കോടതി നിർദേശം അനുസരിച്ചുതന്നെയാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കര്‍ശന നിര്‍ദേശങ്ങളോടെയാണ് ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്.
ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സുതാര്യമായ സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സുരക്ഷ, സാമ്പത്തിക സുതാര്യത, പരിസ്ഥിതി, സാധാരണ വിശ്വാസികളുട താൽപ്പര്യങ്ങൾ എല്ലാം സംരക്ഷിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക സുതാര്യത പാലിച്ച് സംഗമം നടത്താം. ശബരിമലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോടതി നിർദേശം അനുസരിച്ചാണ് പരിപാടിയിൽ കാര്യങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്തി പറഞ്ഞു. തീർഥാടകർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ല. എല്ലാ വരവ് ചെലവ് കണക്കുകളും സുതാര്യമായിരിക്കും. സർക്കാരിൻറെ പണമോ ദേവസ്വം ബോർഡിൻറെ പണമോ ധൂർത്തടിക്കാൻ അല്ല പരിപാടി. ആഗോള അയ്യപ്പ സംഗമം സുതാര്യമായിരിക്കും. ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുക്കും. വിവിധ സംഘടന പ്രതിനിധികളായിരിക്കും പങ്കെടുക്കുക. തമിഴ്നാട് ഗവൺമെന്റിൽ നിന്ന് രണ്ടു മന്ത്രിമാർ ഡൽഹി ലെഫ്റ്റൻ്റ് ഗവർണർ എന്നിവർ നിലവിൽ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭക്തജനപ്രവാഹം അല്ല ഉദ്ദേശിക്കുന്നത്. നിർദ്ദേശങ്ങൾ സ്വീകരിക്കുക എന്നുള്ളതാണ് ലക്ഷ്യമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
അതേ സമയം വിഷയത്തിൽ പ്രതിപക്ഷ നേതാവുമായി പിന്നീട് ആശയവിനിമയം നടത്തിയിട്ടില്ലെന്നും അദ്ദേഹം തയ്യാറായാൽ നേരിൽ കാണാൻ എപ്പോഴും തയ്യാറാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ വീണ്ടും കാണുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്പി . എസ്. പ്രശാന്തും അറിയിച്ചു.
കോടതി ചോദിച്ച ചോദ്യങ്ങൾക്ക് ദേവസ്വം ബോർഡും സർക്കാരും കൃത്യമായ മറുപടി നൽകിയിരുന്നു, വിധി ദേവസ്വം ബോർഡിനു അനുകൂലമാണ്. സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ല. ശബരിമലയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും പരിപാടിയുടെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് വ്യക്തമാക്കി.