
പുന്നപ്ര: വി.എസ്. അച്യുതാനന്ദൻ എന്ന ജനനായകന് കേരള ജനതയുടെ മനസ്സിൽ എത്രമാത്രം സ്വാധീനമുണ്ടെന്നതിൻ്റെ നേർസാസാക്ഷ്യമായിരുന്നു കഴിഞ്ഞ 22 മണിക്കൂർ നേരത്തേക്ക് വിലാപയാത്ര സഞ്ചരിച്ച ഓരോ വഴികളിലും തെളിഞ്ഞുകണ്ടത്. പുന്നപ്രയുടെ സമരനായകൻ കേരളത്തിൻ്റെ കണ്ണും കരളുമായത് വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റ് ജീവിതം കൊണ്ട് മാത്രമാണ്. ലളിതമായ ജീവിതശൈലി കൊണ്ടും, അതിവേഗമുള്ള രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടും അദ്ദേഹം ജനമനസ്സുകളിൽ അതിവേഗം തിളക്കമാർന്നൊരു ബിംബമായി മാറി.
സഖാവ് പി. കൃഷ്ണപിള്ളയുടെ ജീവിച്ചിരുന്നവരിൽ അവസാനത്തെ കേഡറായിരുന്ന വിഎസിനോട് കേരള ജനതയ്ക്കുള്ളത് വൈകാരികമായ ഇഴയടുപ്പമാണ്. കഴിഞ്ഞ ദിവസം വിലാപയാത്രയിൽ പങ്കെടുക്കാനെത്തിയ യുവാക്കളിൽ ഒരാൾ പറഞ്ഞ കാര്യം ഓർത്തുപോകുകയാണ്. "ഞങ്ങൾക്ക് എകെജിയേയോ, ഇഎംഎസിനെയോ, നായനാരെയോ കാണാൻ കഴിഞ്ഞിട്ടില്ലായിരിക്കും... എന്നാൽ മുൻകാല കമ്മ്യൂണിസ്റ്റുകളുടെയെല്ലാം ഞങ്ങൾ അറിഞ്ഞത് വിഎസ് എന്ന രണ്ടു വാക്കുകളിലൂടെയാണ്" എന്നായിരുന്നു ആ കൗമാരക്കാരൻ പറഞ്ഞത്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൻ്റെ തുടക്കകാലത്തിനും മുൻപേ പാർട്ടിയിൽ സജീവമായിരുന്ന വിപ്ലവ സൂര്യനാണ് വിഎസ്. അദ്ദേഹം വിടവാങ്ങുമ്പോൾ അർഹിച്ചൊരു യാത്രയയപ്പാണ് കേരളക്കരയും പാർട്ടിയിലെ അണികളും ചേർന്ന് ഒരുക്കിയത്. ചൊവ്വാഴ്ച രാത്രി വേലിക്കകത്ത് തറവാട്ട് വീട്ടിലെത്തേണ്ട വിഎസിനെ ജനക്കൂട്ടം വീരോചിതമായ യാത്രയയപ്പ് നൽകിയേ അയക്കൂവെന്ന വാശിയിലായിരുന്നു. കാറ്റോ മഴയോ.. രാവോ പകലോ... പ്രായമോ... ഉറക്ക ക്ഷീണമോ ഒന്നും അവർക്ക് മുന്നിൽ തടസ്സമായില്ലെന്നത് കേരളം എക്കാലവും ഓർക്കും.
വിലാപയാത്രയിൽ കടന്നുവന്ന വഴികളെല്ലാം കണ്ണേ കരളേ വി എസ്സേ എന്ന് ഒറ്റ സ്വരത്തിൽ ഉറക്കെ ചൊല്ലുന്ന ഹൃദയഭേദകമായ കാഴ്ചയാണ് കാണാനായത്. കേരളത്തിത്തിന് അകത്തും പുറത്തുനിന്നും വന്ന ലക്ഷക്കണക്കിന് പേരാണ് മൂന്ന് ജില്ലകളിലായി വിഎസിനെ കാണാനായി തടിച്ച് കൂടിയത്. തിരുവനന്തപുരത്ത് നിന്നും ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ ആരംഭിച്ച വിലാപയാത്ര കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചത് രാത്രി 12.40ന് മാത്രമാണ്. രാത്രി ഏറെ വൈകിയും സ്ത്രീകളും പിഞ്ചുകുട്ടികളുമടക്കം നിരവധി പേരാണ് കൊല്ലത്ത് പ്രിയസഖാവിനെ കാണാൻ മണിക്കൂറുകളോളം കാത്തുനിന്നത്. രാത്രി ഏറെ വൈകിയും അണമുറിയാത്ത പ്രവാഹം പോലെ... തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികളുമായി അവർ ക്ഷമയോടെ കാത്തുനിന്നു.
ഏഴ് മണിക്കൂറിൽ ആലപ്പുഴയിലെ വസതിയിൽ എത്തുമെന്നു കരുതിയ വിലാപയാത്ര 22 മണിക്കൂർ പിന്നിടുമ്പോഴാണ് ആലപ്പുഴ ജില്ലയിലേക്ക് കടന്നത്. വിലാപയാത്ര പോകുന്ന വഴികളിലൊക്കെ രാത്രി കനത്ത മഴ പെയ്തിരുന്നു. എന്നാൽ ഏതേ പേമാരിയിലും കുതിരാത്ത വിപ്ലവ വീര്യമാണ് വി എസ് എന്ന് തെളിയിക്കുന്നതായിരുന്നു മഴ നനഞ്ഞും മുദ്രാവാക്യം വിളികളുമായി കാത്തുനിന്ന പതിനായിരങ്ങൾ. അതെ അക്ഷരാർത്ഥത്തിൽ കേരളം ചുരുങ്ങുകയായിരുന്നു വിഎസ് എന്ന രണ്ടക്ഷരത്തിലേക്ക്.