'മനുഷ്യത്വം മരവിച്ചുപോകരുത്, മറ്റൊരു ജീവൻ രക്ഷിക്കാൻ നടത്തിയ പോരാട്ടത്തിൽ കിട്ടിയ മുറിപ്പാടുകളാണത്'; ലിൻ്റോ ജോസഫിനെ പരിഹസിച്ച മുസ്ലിം ലീഗ് പ്രവർത്തകനെതിരെ വി.ശിവൻകുട്ടി

ലിൻ്റോ ജോസഫ് മനുഷ്യത്വത്തിൻ്റെ അടയാളമാണെന്നാണ് കെ.കെ. ശൈലജ ടീച്ചർ ഫേസ്ബുക്കിൽ പങ്കുവെച്ചത്
'മനുഷ്യത്വം മരവിച്ചുപോകരുത്, മറ്റൊരു ജീവൻ രക്ഷിക്കാൻ നടത്തിയ പോരാട്ടത്തിൽ കിട്ടിയ മുറിപ്പാടുകളാണത്'; ലിൻ്റോ ജോസഫിനെ പരിഹസിച്ച മുസ്ലിം ലീഗ് പ്രവർത്തകനെതിരെ വി.ശിവൻകുട്ടി
Source: Facebook
Published on
Updated on

തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫിൻ്റെ ശാരീരിക ബുദ്ധിമുട്ടിനെ പരിഹസിച്ചുകൊണ്ട് മുസ്ലിം ലീഗ് പ്രവർത്തകൻ ഇട്ട ഫേസ്ബുക്ക് കമൻ്റിന് വ്യാപക വിമർശനം. വി.ശിവൻകുട്ടിയും കെ.കെ ശൈലജയും ഉൾപ്പെടെയുള്ളവർ പോസ്റ്റിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി.

രാഷ്ട്രീയ വിയോജിപ്പുകൾ ആകാം, പക്ഷേ മനുഷ്യത്വം മരവിച്ചുപോകരുതെന്ന് മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സഹജീവി സ്നേഹം എന്താണെന്ന് അറിയാത്തവർക്ക് മാത്രമേ ഇത്തരത്തിൽ ക്രൂരമായി പരിഹസിക്കാൻ കഴിയൂ.മറ്റൊരു ജീവൻ രക്ഷിക്കാൻ നടത്തിയ പോരാട്ടത്തിൽ കിട്ടിയ മുറിപ്പാടുകളാണതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ വി.ശിവൻകുട്ടി ലിൻ്റോ ജോസഫ് അത്ലറ്റിക്സിൽ പങ്കെടുക്കുന്ന ഫോട്ടോയും പോസ്റ്റിനൊപ്പം പങ്കുവെച്ചു.

'മനുഷ്യത്വം മരവിച്ചുപോകരുത്, മറ്റൊരു ജീവൻ രക്ഷിക്കാൻ നടത്തിയ പോരാട്ടത്തിൽ കിട്ടിയ മുറിപ്പാടുകളാണത്'; ലിൻ്റോ ജോസഫിനെ പരിഹസിച്ച മുസ്ലിം ലീഗ് പ്രവർത്തകനെതിരെ വി.ശിവൻകുട്ടി
അമിത ഭാരമുള്ള ബാഗുകൾ കടക്ക് പുറത്ത്! സ്കൂൾ ബാഗിൻ്റെ ഭാരം നിജപ്പെടുത്താൻ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്

വി.ശിവൻകുട്ടിയുടെ പോസ്റ്റിൻ്റെ പൂർണ രൂപം..

സഖാവ് ലിന്റോ ജോസഫിന്റെ ശാരീരിക ബുദ്ധിമുട്ടിനെ പരിഹസിച്ചുകൊണ്ട് മുസ്ലിം ലീഗ് പ്രവർത്തകൻ ഇട്ട ഫേസ്ബുക്ക് കമന്റ് ശ്രദ്ധയിൽപ്പെട്ടു. രാഷ്ട്രീയ വിയോജിപ്പുകൾ ആകാം, പക്ഷേ മനുഷ്യത്വം മരവിച്ചുപോകരുത്. സഹജീവി സ്നേഹം എന്താണെന്ന് അറിയാത്തവർക്ക് മാത്രമേ ഇത്തരത്തിൽ ക്രൂരമായി പരിഹസിക്കാൻ കഴിയൂ.

ആരോഗ്യമുള്ള ശരീരവും മൈതാനങ്ങളിൽ കുതിച്ചുപായുന്ന വേഗതയുമുള്ള ഒരു മികച്ച കായികതാരമായിരുന്നു ഒരുകാലത്ത് ലിന്റോ. ആ കാലുകൾക്ക് എങ്ങനെയാണ് വേഗത കുറഞ്ഞതെന്ന് മനസിലാക്കാൻ പരിഹാസവുമായി ഇറങ്ങിയവർ ഒന്ന് ചരിത്രം അന്വേഷിക്കുന്നത് നന്നായിരിക്കും.

ഒരു പെരുന്നാൾ ദിനമായിരുന്നു അത്. അതീവ ഗുരുതരാവസ്ഥയിലായ ബിജു എന്ന ചെറുപ്പക്കാരനെ അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കണം. അവധി ദിനമായതുകൊണ്ട് ആംബുലൻസ് ഓടിക്കാൻ ഡ്രൈവറെ കിട്ടിയില്ല. മറ്റൊന്നും ആലോചിക്കാതെ, സഹജീവിയുടെ ജീവൻ രക്ഷിക്കാൻ ലിന്റോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുകയായിരുന്നു.

അന്ന് ആ യാത്രയ്ക്കിടയിൽ എതിരെ വന്ന ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് സഖാവിന് ഗുരുതരമായി പരുക്കേറ്റത്. സ്വന്തം ജീവിതം പോലും നോക്കാതെ, മറ്റൊരു ജീവൻ രക്ഷിക്കാൻ നടത്തിയ പോരാട്ടത്തിൽ കിട്ടിയ മുറിപ്പാടുകളാണത്.

അതുകൊണ്ട് ലീഗ് അണികൾ ഓർക്കുക; ലിന്റോ ജോസഫിന്റെ നടപ്പിലെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിൽ അത് അപമാനമല്ല, അപരസ്നേഹത്തിന്റെ ഉദാത്തമായ അടയാളമാണത്. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഒരാളുടെ ശാരീരിക അവശതയെ ആയുധമാക്കുന്നത് അങ്ങേയറ്റം നീചമായ സംസ്കാരമാണ്. വേട്ടമൃഗങ്ങളുടെ മനോഭാവത്തോടെയുള്ള ഇത്തരം അധിക്ഷേപങ്ങളിൽ കെട്ടുപോകുന്ന വെളിച്ചമല്ല ലിന്റോ ജോസഫ് എന്ന പോരാളി.മനുഷ്യത്വം എന്താണെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതന്ന ലിന്റോ ജോസഫിനൊപ്പമാണ് കേരളം.

ലിൻ്റോ ജോസഫ് മനുഷ്യത്വത്തിൻ്റെ അടയാളമാണെന്നാണ് കെ.കെ. ശൈലജ ടീച്ചർ ഫേസ്ബുക്കിൽ പങ്കുവെച്ചത്. അല്‍പം വേഗത കുറഞ്ഞിട്ടുണ്ടാവാം പക്ഷെ അവൻ്റെ രാഷ്ട്രീയത്തില്‍ മനുഷ്യ സ്‌നേഹത്തിനും അപരനോടുള്ള പരിഗണനയ്ക്കും എന്നും ആഴം കൂടിയിട്ടേ ഉള്ളുവെന്നും കെ.കെ.ശൈലജ വ്യക്തമാക്കി. കേരളത്തിലെ മികച്ച അത്ലറ്റുകളിൽ ഒരാളായിരുന്നു ലിൻ്റോയെന്നാണ് വി.വസീഫ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com