പിണറായി സ്വീകരിച്ചത് ജനാധിപത്യ നിലപാട്; സിപിഐയുടേത് രാഷ്ട്രീയ മര്യാദയ്ക്ക് യോജിക്കാത്ത അഭിപ്രായപ്രകടനം: വി. ശിവന്‍കുട്ടി

മുന്നണി ചര്‍ച്ച ചെയ്യേണ്ട വിഷയം പത്രങ്ങളിലൂടെയല്ല പറയേണ്ടതെന്നും വി. ശിവന്‍കുട്ടി
പിണറായി വിജയന്‍, വി. ശിവന്‍കുട്ടി
പിണറായി വിജയന്‍, വി. ശിവന്‍കുട്ടി
Published on
Updated on

നിയമസഭയിലെ ഉപനേതൃപദവി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമര്‍ശിച്ച ജനയുഗം ലേഖനത്തിനെതിരെ വി. ശിവന്‍കുട്ടി. മുന്നണി ചര്‍ച്ച ചെയ്യേണ്ട വിഷയം പത്രങ്ങളിലൂടെയല്ല പറയേണ്ടതെന്ന് ശിവന്‍കുട്ടി പറഞ്ഞു. വിഷയത്തില്‍ പിണറായി വിജയന്‍ സ്വീകരിച്ചത് ജനാധിപത്യപരമായ നിലപാടാണ്. പ്രായോഗിക രാഷ്ട്രീയ സാഹചര്യം വച്ചുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ സിപിഐ ലേഖനത്തിലൂടെ രാഷ്ട്രീയ മര്യാദ ലംഘിച്ചു. പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്ന സമീപനമാണ് അത്. സിപിഐ അധികാരത്തിനു വേണ്ടി ആശയം മാറ്റുന്ന സ്ഥിതിയിലായെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.

ഉപനേതൃപദവി ലഭിക്കാത്തതിൽ സിപിഐ നടത്തുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. നിയമസഭ ഉപനേതൃസ്ഥാനം നേരത്തെ മുതൽ വഹിക്കുന്നത് സിപിഐഎം ആണ്. സിപിഐക്ക് ഉള്ള മന്ത്രിസ്ഥാനം വേറെ ആർക്കെങ്കിലും കൊടുക്കാൻ പറ്റുമോ? മുന്നണി നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള കാര്യമാണ് പിണറായി വിജയൻ പറഞ്ഞത്. സത്യൻ മൊകേരി ലേഖനത്തിലൂടെ മുന്നണി മര്യാദ ലംഘിച്ചു. മുന്നണി വിപുലീകരണത്തിനുള്ള താല്‍പ്പര്യം സിപിഐക്ക് കാണുന്നില്ല. പിണറായി വിജയനെ വ്യക്തിപരമായി ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കവും നടക്കുന്നു.മുന്നണി ചർച്ച ചെയ്യേണ്ട വിഷയങ്ങൾ പത്രങ്ങളിലൂടെ അല്ല പറയേണ്ടത്. പത്രങ്ങളിലൂടെ പറയുമ്പോള്‍, തങ്ങളെ പോലുള്ളവര്‍ക്ക് മറുപടി പറയേണ്ടതായിട്ടു വരും. പിഎം ശ്രീ വിഷയത്തിലും പ്രശ്നം വഷളാക്കിയത് സിപിഐ ആണ്. സിപിഐ അധികാരത്തിനു വേണ്ടി ആശയം മാറ്റുന്ന സ്ഥിതിയിലായെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.

പിണറായി വിജയന്‍, വി. ശിവന്‍കുട്ടി
'എല്ലാം താനാണ് എന്ന ഭാവം മുന്നണിക്ക് സഹായകരമല്ല, ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ചതുമല്ല'; പിണറായിക്കെതിരെ സിപിഐ

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ജനയുഗത്തില്‍ എഴുതിയ ലേഖനത്തിലായിരുന്നു കടുത്ത വിമര്‍ശനം. വിഷയത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന, മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മികത ഇല്ലായ്മയുമായി മാത്രമേ കാണാന്‍ കഴിയൂ. ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയമായ പൊതുലക്ഷ്യത്തിനുവേണ്ടി രൂപീകരിക്കുന്ന സംവിധാനമാണ് മുന്നണി. താന്‍ തീരുമാനിക്കും; എല്ലാം താനാണ് എന്ന ഭാവം മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന് സഹായകരമല്ല, ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ചതുമല്ല. പ്രതിപക്ഷ ഉപനേതാവിന്റെ കാര്യം രാഷ്ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവിന് സ്വന്തം നിലയില്‍ തീരുമാനിക്കാന്‍ കഴിയില്ല. എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഉതകുന്ന പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിച്ചത് എന്താണ്? എല്‍ഡിഎഫ് എന്താണെന്നും ലേഖനം ചോദിക്കുന്നു. കൂട്ടായ നേതൃത്വമാണ് എല്‍ഡിഎഫിന്റെ അന്തഃസത്ത എന്ന പേരിലാണ് ലേഖനം.

News Malayalam 24x7
newsmalayalam.com