തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ മരണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അനിലിന്റെ മരണത്തിൻ്റെ ഉത്തരവാദിത്തത്തിൽ നിന്നും ബിജെപിക്ക് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്ന് വി.ശിവൻകുട്ടി ഊന്നി പറഞ്ഞു. അനിൽകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഗൗരവമുള്ള വാർത്തകളാണ് പുറത്തുവരുന്നത്. വിഷയത്തിൽ ഉചിതമായ അന്വേഷണം വേണമെന്നും ശിവൻകുട്ടി പറഞ്ഞു.
തിരുമല അനിലിൻ്റെ ആത്മഹത്യാക്കുറിപ്പിൻ്റെ പ്രസക്തഭാഗങ്ങൾ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. അനിൽ വിശ്വസിച്ചവർ തന്നെ ചതിച്ചു എന്ന നിലയിലാണ് ആത്മഹത്യാക്കുറിപ്പ് വന്നിരിക്കുന്നതെന്ന് വി.ശിവൻകുട്ടി പറഞ്ഞു. അനിൽ സ്വന്തമായി കണ്ട ആളുകളുടെ ചതിയാണ് വെളിവാകുന്നത്. സ്വന്തം എന്ന് പറയുന്നത് ബിജെപിക്കാരെയും ആർഎസ്എസുകാരെയും ആണല്ലോ. വിഷയത്തിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തി ബിജെപി നടത്തുന്ന സമരം അപഹാസ്യമാണെന്നും വി.ശിവൻകുട്ടി പറഞ്ഞു.
അനിലിൻ്റെ മരണത്തെ ബിജെപി രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണെന്നും വി. ശിവൻകുട്ടി ആരോപിച്ചു. ആത്മഹത്യാ കുറിപ്പിൽ എവിടെയും പൊലീസിന്റെ പേര് കണ്ടിട്ടില്ല. രാജീവ് ചന്ദ്രശേഖറും കരമന ജയനും അനിലിന്റെ ഭാര്യയെ കാണാൻ വന്നപ്പോൾ അവർ നിലവിളിച്ചു കരയുന്നുണ്ടായിരുന്നു. നിങ്ങളെയൊക്കെ ചേട്ടൻ കാണാൻ വന്നതല്ലേ എന്ന് പറഞ്ഞായിരുന്നു അവരുടെ കരച്ചിൽ. അനിലിൻ്റെ കുടുംബത്തെ സന്ദർശിച്ചിരുന്നെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുടെ മരണത്തിൽ ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന ആത്മഹത്യാ കുറിപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. നമ്മുടെ ആളുകൾ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്നാണ് അനിൽ കുമാറിൻ്റെ കുറിപ്പിലെ പ്രധാന ആരോപണം. താനോ ഭരണസമിതിയോ ക്രമക്കേട് നടത്തിയിട്ടില്ലെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും അനിൽ കുമാർ പറഞ്ഞെന്നാണ് സഹപ്രവർത്തകരുടെ മൊഴി. ഇതിനെ ശരിവയ്ക്കുന്ന കുറിപ്പാണ് പുറത്തുവന്നത്.