
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുടെ മരണത്തിൽ ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന ആത്മഹത്യാ കുറിപ്പ് ന്യൂസ് മലയാളത്തിന്. തിരുമല അനിൽ കുമാർ ജീവനൊടുക്കിയ സംഭവത്തിൽ അദ്ദേഹം എഴുതിവച്ചിരുന്ന ആത്മഹത്യാ കുറിപ്പിൻ്റെ പൂർണ വിവരങ്ങളാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്.
നമ്മുടെ ആളുകൾ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്നാണ് അനിൽ കുമാറിൻ്റെ കുറിപ്പിലെ പ്രധാന ആരോപണം. താനോ ഭരണസമിതിയോ ക്രമക്കേട് നടത്തിയിട്ടില്ലെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും അനിൽ കുമാർ പറഞ്ഞെന്നാണ് സഹപ്രവർത്തകരുടെ മൊഴി. ഇതിനെ ശരിവയ്ക്കുന്ന കുറിപ്പാണ് പുറത്തുവന്നത്.
"നമ്മുടെ ആളുകൾ വായ്പയെടുത്ത് തിരിച്ചടച്ചില്ല. താനോ ഭരണസമിതിയോ ക്രമക്കേട് നടത്തിയില്ല. പണം നിക്ഷേപിച്ചവർ ആവശ്യത്തിലധികം സമ്മർദ്ദം തന്നു. തിരിച്ചുപിടിക്കാൻ ധാരാളം തുകയുണ്ട്. വായ്പയെടുത്ത ആളുകൾ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കാൻ കാലതാമസം ഉണ്ടാക്കി," എന്നും അനിൽ കുമാർ ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
ഫാം ടൂർ എന്ന കോർപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വം അനിലിനായിരുന്നു. 15 വർഷത്തിലേറെയായി ഇതിൻ്റെ പ്രസിഡൻ്റ് സ്ഥാനത്താണ് അനിൽ. പതുക്കെ ഈ സഹകരണ സംഘം സാമ്പത്തികമായി തകർന്നുതുടങ്ങി. എടുത്ത ലോൺ തിരിച്ചുകിട്ടാതെയായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പലരും നിക്ഷേപങ്ങൾ പിൻവലിച്ചു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെയായി. റിക്കവറി നേരിടുന്ന സാഹചര്യവുമുണ്ടായി.
ബാങ്കിൻ്റെ തകർച്ച മറികടക്കാൻ കൂടെയുള്ളവർ സഹായിച്ചില്ലെന്നാണ് അനിൽ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ബിജെപി നേതാക്കളോട് ഇക്കാര്യം പലതവണ പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. വിഷയത്തിൽ പാർട്ടിയും സംരക്ഷണം നൽകിയില്ല. ഇതിന്റെ പേരിൽ തൻ്റെ ഭാര്യയെയും മക്കളെയും ആക്രമിക്കരുതെന്നും കുറിപ്പിൽ പറയുന്നു. ബിജെപിയുടെ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി കൂടിയായിരുന്നു തിരുമല അനിൽ. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും ഇയാൾ പങ്കെടുത്തിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)