സ്കൂൾ സമയമാറ്റം: നിലവിലെ തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി; ചർച്ചയിൽ തൃപ്തരെന്ന് സമസ്ത നേതാക്കള്‍

ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിSource: News Malayalam 24x7
Published on

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തില്‍ നിലവിലെ തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മതസംഘടനകളുമായി സർക്കാർ സമവായത്തിലെത്തി. ചർച്ചയിൽ തൃപ്തരെന്ന് സമസ്ത നേതാക്കളും മാനേജ്മെൻറ് പ്രതിനിധികളും അറിയിച്ചു.

ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ചില പരാതികൾ ലഭിച്ചിരുന്നു. പ്രതിഷേധങ്ങളും പരാതികളും ആയി മുന്നോട്ടുപോകുന്നതിന് താല്പര്യം ഇല്ല. മാനേജ്മെൻറ് അസോസിയേഷനുകളുടെ യോഗം വിളിച്ചിരുന്നു. എല്ലാവരുടെയും അഭിപ്രായം കേട്ടുവെന്നും ഏതു സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് അവരോട് വിശദീകരിച്ചുവെന്നും വി. ശിവന്‍കുട്ടി അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
വിഎസ് അവസാന കമ്മ്യൂണിസ്റ്റ് എന്ന തെറ്റായ പ്രചാരണം നടക്കുന്നു; ഇഎംഎസും എകെജിയും മരിച്ചപ്പോഴും ഇങ്ങനെ ഉണ്ടായിട്ടുണ്ട്: എം.വി. ഗോവിന്ദന്‍

ഭൂരിപക്ഷം പേരും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തതായി മന്ത്രി പറഞ്ഞു. അര മണിക്കൂർ വൈകുന്നേരം ദീർഘിപ്പിക്കണമെന്ന് ചിലർ അഭിപ്രായം പറഞ്ഞു. അതിൽ പ്രയാസങ്ങൾ ഉണ്ട്. 10 മണിക്ക് തുടങ്ങുന്നത് 9:45ന് ആരംഭിക്കുന്നുവെന്നേയുള്ളൂ. കോടതി നിർദേശപ്രകാരമാണ് സമയം പുനഃക്രമീകരിച്ചത്. കാര്യങ്ങൾ സംഘടനകളെ ബോധ്യപ്പെടുത്തി. നിലവിലെ തീരുമാനവുമായി മുന്നോട്ടു പോകും. അടുത്ത അധ്യയന വർഷം പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കാം. പരാതിയുള്ളവർക്ക് വേണമെങ്കിൽ കോടതിയിൽ പോകാമെന്നും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

അതേസമയം, അടുത്തവർഷം മുതൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പു നൽകിയതായാണ് സമസ്ത നേതാക്കള്‍ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചത്. മന്ത്രിയുടെ ഉറപ്പ് പ്രതീക്ഷ നൽകുന്നതെന്നും നേതാക്കള്‍ പറഞ്ഞു. സമവായ ഫോർമുല മുന്നോട്ടുവെച്ചത് സർക്കാരാണ്. മദ്രസ സമയത്തിൽ മാറ്റമില്ലെന്നും സമസ്ത വ്യക്തമാക്കി. കേന്ദ്ര മുശാവറാംഗം ഉമർ ഫൈസി മുക്കം, മൊയ്തീൻ ഫൈസി പുത്തനഴി, ഒ.പി. അഷ്റഫ് എന്നിവരാണ് സമസ്തയെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയില്‍ പങ്കെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com