തിരുവനന്തപുരം: കേരളത്തിൽ സ്കൂളുകളുടെ അപര്യാപ്തത ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കണമെന്ന സുപ്രീം കോടതി നിർദേശത്തിന് എതിരെ റിവിഷൻ ഹർജി നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു.
"ഉത്തരേന്ത്യ പോലെയല്ല. കേരളത്തിലെ സ്കൂളുകൾ ഉന്നത നിലവാരം പുലർത്തുന്നവയാണ്. കുടിൽ രൂപത്തിലാണ് വടക്കേ ഇന്ത്യയിലെ സ്കൂളുകൾ. കേരളത്തിൽ 14,000 ത്തിലധികം സ്കൂളുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. അപര്യാപ്തത ഇല്ല. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുണ്ട്. എന്നാൽ വിധിക്കെതിരെ റിവിഷൻ ഹർജി നൽകും. ആവശ്യമെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കണമെന്ന സുപ്രീം കോടതി വിധിയിലാണ് നീക്കമുണ്ടാകുക. വിധി പരിഗണിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അത് ചെയ്യും", വി. ശിവൻകുട്ടി.
സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കണമെന്നാണ് കേരള സർക്കാരിനോട് സുപ്രീം കോടതി നിർദേശം. ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ എൽപി സ്കൂളുകളും രണ്ട് കിലോമീറ്റർ ചുറ്റളവിൽ യുപി സ്കൂളുകളും സ്ഥാപിക്കണം. മലപ്പുറം ജില്ലയിലെ ഗ്രാമത്തിൽ ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കാനുള്ള ഹൈക്കോടതി നിർദേശത്തെ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.