തിരുവനന്തപുരം: 'കേരളാ സ്റ്റോറി 2'വിനെതിരെ വിമർശനമുന്നയിച്ച് മന്ത്രി വി. ശിവൻകുട്ടി. 'കേരള സ്റ്റോറി 2'ൻ്റെ ട്രെയ്‌ലറിലൂടെ കേരളത്തെ ആക്ഷേപിക്കുകയാണ് എന്നും മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ് സിനിമയെന്നും മന്ത്രി വിമർശിച്ചു. കേരളത്തിലെ ന്യൂനപക്ഷത്തെ അപമാനിക്കാൻ ശ്രമിച്ചാൽ ഒരുകാരണവശാലും അത് അനുവദിച്ച് കൊടുക്കാൻ പോകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ന്യൂസ് മലയാളം ലീഡേഴ്സ് മോണിങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്തെ അങ്ങേയറ്റം അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിൻ്റെ യഥാർഥ മുഖം കാണിക്കാൻ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് ധൈര്യക്കുറവുണ്ട് എന്നും ശിവൻകുട്ടി വിമർശിച്ചു. ട്രെയിലർ കണ്ടപ്പോൾ തന്നെ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമമെന്ന് മനസിലായി. കഴിഞ്ഞ പത്ത് വർഷമായി ഒരൊറ്റ വർഗീയ സംഘർഷവും ഉണ്ടാകാത്ത നാടാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ഇത്തവണ തിരുവനന്തപുരം ജില്ലയിലെ കോവളമടക്കം എല്ലാ സീറ്റുകളും ഇത്തവണ എൽഡിഎഫ് പിടിക്കുമെന്ന് ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കാൻ ഇടതുമുന്നണിയിൽ ആവശ്യത്തിന് ആളുണ്ട്. മറ്റ് മുന്നണികളെപ്പോലെ ലേലം വിളിക്കേണ്ട ആവശ്യം എൽഡിഎഫിന് ഇല്ല. കോർപ്പറേഷനിലേത് പ്രത്യേക രാഷ്ട്രീയ സാഹചര്യം ആയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷി സംവരണ നിയമനത്തെ കുറിച്ചും മന്ത്രി പ്രതികരിച്ചു. ഭിന്നശേഷി സംവരണ നിയമനത്തിൽ രാഷ്ട്രീയമില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി ഉണ്ടായിരുന്നു. എൻഎസ്എസ് മാനേജ്മെൻ്റ് സുപ്രീം കോടതിയെ സമീപിച്ചാണ് അനുകൂല വിധി നേടിയത്. ക്രൈസ്തവ സഭാ മാനേജ്മെൻ്റുകൾ വിഷയത്തിൽ കോടതിയെ സമീപിച്ചിരുന്നില്ലെന്നും. എൻഎസ്എസിൻ്റെ വിധി എല്ലാ മാനേജ്മെൻ്റുകൾക്കും ബാധകമാക്കാനാണ് സർക്കാർ ശ്രമിച്ചത് എന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.