പത്തനംതിട്ട: എയ്ഡഡ് സ്കൂള്‍ അധ്യാപികയുടെ ശമ്പളം മുടങ്ങിയതില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇനിയും ഇത്തരം സംഭവമുണ്ടായാൽ പിരിച്ചുവിടുന്ന നടപടിയിലേക്ക് സർക്കാർ കടക്കുമെന്ന് മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരം ശമ്പളം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നുവെന്നും ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. സസ്പെൻഷൻ സ്വാഭാവിക നടപടിയാണ്. ഫയലിൽ നടപടി ഉണ്ടായില്ലെങ്കിൽ പിരിച്ചുവിടുമെന്ന പേടി വേണമെന്നും മന്ത്രി വ്യക്തമാക്കി.
മരിച്ച ഷിജോയുടെ ഭാര്യ ലേഖാ രവീന്ദ്രൻ ജോലി ചെയ്തിരുന്ന പത്തനംതിട്ട സെൻറ് ജോസഫ് എച്ച്എസ് നാറാണംമൂഴിയിലെ പ്രധാന അധ്യാപിക, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ അനിൽകുമാർ എൻ.ജി, സൂപ്രണ്ട് ഫിറോസ് എസ്, സെക്ഷൻ ക്ലർക്ക് ബിനി ആർ എന്നിവരെ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അധ്യാപികയുടെ ഭർത്താവിൻ്റെ മരണത്തിൽ ഉയർന്ന ആരോപണങ്ങൾ തള്ളി ഡിഇ റിപ്പോർട്ട് കൈമാറിയതിന് തൊട്ടുപിന്നാലെയായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നടപടി.
കഴിഞ്ഞ ഞായറാഴ്ചയാണ്, പത്തനംതിട്ട നാരായണൻമൂഴി സ്വദേശി ഷിജോ വി.ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസായിരുന്നു. 14 വർഷമായി മുടങ്ങിക്കിടന്ന, ഷിജോയുടെ എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയുടെ ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡിഇഒ ഓഫീസിൽ നിന്നും തുടർനടപടി ഉണ്ടായില്ലെന്നാണ് ഷിജോയുടെ പിതാവ് ത്യാഗരാജൻ ആരോപിച്ചത്. ഇതില്‍ മനംനൊന്താണ് ഷിജോ ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
എന്നാൽ, ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെ ലേഖയ്ക്ക് ശമ്പളം നൽകി തുടങ്ങിയെന്നാണ് ഡിഇ റിപ്പോർട്ടിൽ പറയുന്നത്. ഡിഇ ഓഫീസ് നടപടികളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നായിരുന്നു സർക്കാരിന് നല്‍കിയ റിപ്പോർട്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)