

കോട്ടയം: കോട്ടയം വിജിലൻസ് ആൻ്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വൈക്കം സിഐ നടത്തിയ ഗുരുതര സാമ്പത്തിക ക്രമക്കേട് പുറത്തു വന്നത്. വൈക്കം സിഐ ഷമീർ ഖാനാണ് രണ്ടര ലക്ഷത്തോളം രൂപ അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടുവഴി കൈക്കലാക്കിയത്. മാസപ്പടിയായി 2.25 ലക്ഷം രൂപയാണ് കോഴി ഫാമിൽ ജോലി ചെയ്യുന്ന അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്.
45 ദിവസത്തിനിടെ ഗൂഗിൾ പേ വഴി 2.28 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടന്നിരിക്കുന്നത്. മണ്ണ്-മണൽ മാഫിയകൾ, ടിപ്പർ ലോറി ഉടമകൾ, സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിലെ പ്രതികൾ എന്നിവരിൽ നിന്ന് സിഐ വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നതായി കണ്ടെത്തി. ഇതിനായി അസം സ്വദേശിയുടെ ആധാറും പാൻ കാർഡും ഉപയോഗിച്ച് വൈക്കത്തെ കനറാ ബാങ്ക് ശാഖയിൽ വ്യാജ അക്കൗണ്ട് തുറക്കുകയായിരുന്നു.
അരുൺ എന്ന വൈക്കം സ്വദേശിയുടെ ഫോൺ നമ്പറിലാണ് ഈ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ സെറ്റ് ചെയ്തിരുന്നത്. ഒരു മാസത്തിനുള്ളിൽ ഏകദേശം 2,28,000 രൂപ കൈക്കൂലി ഇനത്തിൽ ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്ന് വിജിലൻസ് സ്ഥിരീകരിച്ചു. അക്കൗണ്ടിലേക്ക് എത്തുന്ന പണം സിഐ തന്നെ വൈക്കം, കുറവിലങ്ങാട് ഭാഗങ്ങളിലെ എടിഎമ്മുകളിൽ നിന്ന് പിൻവലിക്കുകയായിരുന്നു.
തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റും മാസ്കും ധരിച്ചാണ് ഇയാൾ എടിഎം കൗണ്ടറുകളിൽ എത്തിയിരുന്നത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. സിഐയുടെ പങ്ക് വ്യക്തമായതോടെ അന്വേഷണസംഘം മൊബൈൽ ഫോണും എടിഎം കാർഡുകളും പിടിച്ചെടുത്തു. സംഭവത്തിൽ വിജിലൻസ് സംഘം വിശദമായ അന്വേഷണം തുടങ്ങി.
അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കുന്നതിനുള്ള പ്രൊജക്ട് സീറോ പദ്ധതിയുടെ ഭാഗമായി ഇന്നലെയാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. കോട്ടയം വിജിലൻസ് എസ്പി ബിനുവിൻ്റെ നിർദേശപ്രകാരം ഡിവൈഎസ്പി പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.