

കൊച്ചി: കാലില് തുപ്പിയതിനെ ചോദ്യം ചെയ്തതിന് സംഘം ചേര്ന്ന് യുവാവിനെ ക്രൂരമായി മര്ദിച്ചു. കടവന്ത്ര മെട്രോ സ്റ്റേഷന് സമീപത്തെ ചായക്കടയിൽ വച്ചാണ് സംഭവം ഉണ്ടായത്.
യുവാവിനെ മർദിക്കുകയും സോഡാക്കുപ്പികൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ആക്രമണത്തിൽ എളംകുളം സ്വദേശി അജയ് ടോം ഫിലിപ്പിന് പരിക്കേറ്റു. സംഭവത്തിൽ കണ്ടാലറിയാവുന്ന ഒരാൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.
അതേസമയം യുവാവിനെ ആക്രമിച്ചത് ലഹരി സംഘമാണെന്നാണ് സൂചന. സംഘർഷത്തിനിടെ സംഘത്തിൽപ്പെട്ട ഒരാളുടെ ഫോൺ സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു. ഈ ഫോൺ ചായക്കട ഉടമ പൊലീസില് ഏല്പ്പിച്ചിരുന്നു. ഇതിൽ ലഹരി വില്പ്പനയുടെ വിവരങ്ങള് കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊര്ജിതമാക്കി. കടവന്ത്ര കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ലഹരി വില്പ്പന സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം.