

കോഴിക്കോട്: വലിയങ്ങാടിയിൽ സ്ലാബ് തകർന്നുവീണ് മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കോർപ്പറേഷൻ്റെ വീഴ്ച സമ്മതിച്ച് സെക്രട്ടറി യു.കെ. ഹരീഷ്. കെട്ടിടം പൊളിക്കാൻ 2024 ൽ റിപ്പോർട്ട് കിട്ടിയെങ്കിലും രണ്ടു വർഷമായിട്ടും നടപടിയുണ്ടായില്ല. വ്യാപാരികൾക്ക് നോട്ടീസ് അയക്കുക പോലും ചെയ്തിട്ടില്ലെന്നും സെക്രട്ടറി ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഈ മാസം 23നാണ് കോര്‍പ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള ബീച്ചിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടം തകര്‍ന്ന് വീണത്. സ്ലാബ് തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ നാല് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ ജബ്ബാര്‍, അഷ്റഫ്, ബഷീർ, വിനോദ് എന്നിവരാണ് മരിച്ചത്. കെട്ടിടം അൺഫിറ്റ് ആയിരുന്നു. അങ്ങാടിയിൽ അഞ്ചു കെട്ടിടങ്ങൾ അൺഫിറ്റ് ആണെന്ന് നേരത്തെ കണ്ടെത്തിയതാണ്.
2024ൽ തന്നെ ഡിപിആറും തയ്യാറാക്കിയതാണ്. 2024 ൽ കെട്ടിടം പൊളിച്ചു മാറ്റാൻ തീരുമാനിച്ചിരുന്നുവെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എസ്.കെ. അബൂബക്കർ പ്രതികരിച്ചിരുന്നു. പിന്നീട് എന്തുകൊണ്ട് പൊളിക്കാൻ തീരുമാനിച്ച കെട്ടിടങ്ങൾ വാടകക്ക് നൽകി എന്ന ചോദ്യവും ഉയന്നിരുന്നു.
അപകടത്തിന് പിന്നാലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിലെ കടമുറികൾ ഒഴിയാൻ കോർപ്പറേഷൻ നോട്ടീസ് പതിച്ചിരുന്നു. അഞ്ച് മുറികൾ ഒഴിയാൻ ആണ് നോട്ടീസ് പതിച്ചത്. കടമുറിയിലെ സാധനങ്ങൾ മാറ്റി മുറി ഒഴിഞ്ഞ ശേഷം രേഖാമൂലം കോർപ്പറേഷനെ അറിയിക്കണമെന്ന് നോട്ടീസിൽ നിർദേശം നൽകിയിരുന്നു.