

കോയമ്പത്തൂര്‍: വാല്‍പ്പാറയിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. ഇവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാത്രി 12.50 ഓടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊള്ളാച്ചിയിലേക്ക് പോകും.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
വിനോദയാത്രയ്ക്കിടെയാണ് 13-ാം വളവില്‍ വച്ച് നിയന്ത്രണം വിട്ട് ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞത്. മലപ്പുറം പാങ്ങ് എല്‍പി സ്‌കൂള്‍ അധ്യാപകരും കുടുംബാംഗങ്ങളും അടങ്ങുന്ന പതിമൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം.
പാങ്ങ് എല്‍പി സ്‌കൂളിലെ അധ്യാപകരായ ഷക്കീല (37), മജീദ് (43), അജിത (54), റംല (52), ആശ (41), സുഹ്‌റ (43), സ്‌കൂളിലെ ആയ സാജിത (45), മജീദിന്റെ ഭാര്യ റുഖിയ (39), സുഹ്‌റയുടെ മകന്‍ ഹിഷാം (12), സാജിതയുടെ മകന്‍ ഷഹാദിന്‍ (11) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ട്രാവലര്‍ ഓടിച്ചിരുന്ന ഫാസിത്ത്, സ്‌കൂളിലെ ഡ്രൈവര്‍ നൗഷാദ് (39), മസ്‌നീന്‍ (10) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നൗഷാദ്, ഫാസിത്ത് എന്നിവര്‍ കോയമ്പത്തൂര്‍ ആശുപത്രിയിലും മസ്‌നീന്‍ പൊള്ളാച്ചി ആശുപത്രിയിലുമാണ്.