തിരുവനന്തപുരം: വർക്കല കുന്നുകൾ യുനെസ്കോയുടെ കരട് പൈതൃകപ്പട്ടികയിൽ ഇടംപിടിച്ചു. വർക്കല കുന്നുകൾ ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് പൈതൃകമേഖലകളാണ് കരട് ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചത്. സ്വാഭാവികവും പ്രകൃതിദത്തവുമായ കുന്നുകളുടെ വിഭാഗത്തിലാണ് വർക്കലയെ ഉൾപ്പെടുത്തിയത്. യുനെസ്കോയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യ വിഭാഗമാണ് നിർദേശം സമർപ്പിച്ചത്.
വർക്കല കുന്നുകൾക്ക് പുറമെ മഹാരാഷ്ട്രയിലുള്ള പഞ്ചഗണിയിലെയും മഹാബലേശ്വറിലെയും ഡെക്കാൻ ട്രാപ്സ്, ആന്ധ്രാ പ്രദേശിലെ തിരുമല കുന്നുകൾ, എറാ മട്ടി ദിബ്ബാലു, കർണാടകയിലെ ഉടുപ്പിയിലെ സെൻ്റ് മേരീസ് ഐലൻ്റ് ക്ലസ്റ്റർ, മേഘാലയയിലെ മേഘാലയൻ ഏജ് ഹിൽസ്, നാഗാലാൻഡിലെ നാഗാ ഹിൽ ഒഫിയോലൈറ്റ് എന്നിങ്ങനെ ഏഴ് സ്ഥലങ്ങൾ കൂടി യുനെസ്കോയുടെ കരട് പൈതൃകപ്പട്ടികയിൽ ചേർത്തു. സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള പ്രതിബദ്ധത കൂടുന്നതാണ് പുതിയ തീരുമാനമെന്ന് യുനെസ്കോയിലെ ഇന്ത്യൻ പ്രതിനിധി സംഘം അറിയിച്ചു.
ഇതോടെ കരട് പൈതൃകപ്പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിലെ പൈതൃക മേഖലകളുടെ എണ്ണം 69 ആയി. ലോക പൈതൃകപ്പടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രാഥമിക നടപടിയാണിത്.