'ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍; പുറത്തു വരുന്നത് സിപിഐഎമ്മിന്റെ ആരും കാണാത്ത മുഖം': വി.ഡി. സതീശന്‍

മകന് സാമ്പത്തിക ഇടപാടില്‍ എന്ത് പങ്കാണുള്ളതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ
വി.ഡി. സതീശൻ
വി.ഡി. സതീശൻ NEWS MALAYALAM 24X7
Published on

തിരുവനന്തപുരം: സിപിഐഎമ്മിലെ പരാതി ചോര്‍ച്ചാ വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതിയാണ് ചോര്‍ന്നത്. സിനിമാ നിര്‍മാതാവ് രാജേഷ് കൃഷ്ണയ്‌ക്കെതിരെയായിരുന്നു പരാതി.

രാജേഷ് കൃഷ്ണ ഡല്‍ഹി ഹൈക്കോടതിയില്‍ തനിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് രേഖയായി ചേര്‍ത്തുവെന്നാണ് മുഹമ്മദ് ഷര്‍ഷാദ് ആരോപിക്കുന്നത്.

പുതിയ പരാതിയിലൂടെ പുറത്തു വന്നത് സിപിഐഎമ്മിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഇത് എന്തുകൊണ്ട് പാര്‍ട്ടി ഇതുവരെ മൂടിവെച്ചുവെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

വി.ഡി. സതീശൻ
സിപിഐഎമ്മിൽ പരാതി ചോർച്ചാ വിവാദം: കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്ത് ചോർന്നെന്ന് ആരോപിച്ച് വ്യവസായി

പരാതിയില്‍ ആരോപണ വിധേയനായ രാജേഷ് കൃഷ്ണ സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്. ബാങ്ക് അക്കൗണ്ടുകള്‍ മുഖേനെ തന്നെ വന്‍ തുക കൈമാറിയിട്ടുണ്ട്. സിപിഐഎം നേതാക്കളുടെ അറിവോടെയാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്.

പുറത്തു വരുന്നത് സിപിഐഎമ്മിന്റെ ആരും കാണാത്ത മറ്റൊരു മുഖമാണ്. എം.വി. ഗോവിന്ദന്റെ മകന് സാമ്പത്തിക ഇടപാടില്‍ എന്ത് പങ്കാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നും വി.ഡി. സതീശന്‍ പറയുന്നു.

വി.ഡി. സതീശൻ
'രാജേഷ് കൃഷ്ണയ്‌ക്കെതിരെ CPIM യു.കെ ഘടകത്തിന് ഒരു പരാതിയും വന്നിട്ടില്ല; കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം എന്തായാലും അംഗീകരിക്കും'

പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ കത്ത് ആരോപണവിധേയന്‍ തന്നെ ഔദ്യോഗിക രേഖയാക്കി കോടതിയില്‍ നല്‍കി. സംസ്ഥാന നേതൃത്വമാണ് കത്ത് ആരോപണവിധേയന് നല്‍കിയത്. റിവേഴ്‌സ് ഹവാല ഇടപാടില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനും ബന്ധമുണ്ട്. പിബിക്ക് നല്‍കിയ കത്ത് എങ്ങനെ സംസ്ഥാന പാര്‍ട്ടി സെക്രട്ടറിയുടെ മകന് ലഭിച്ചു. ഇതെല്ലാം പാര്‍ട്ടി സെക്രട്ടറി തന്നെ വ്യക്തമാക്കട്ടെ.

ആരോപണവിധേയനായ രാജേഷ് കൃഷ്ണ ലോക കേരള സഭയില്‍ അംഗമായത് സിപിഐഎം നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചാണെന്നും കടലാസ് കമ്പനി രൂപീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സമയത്തുണ്ടായ പരാതി വിവാദമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. മധുരയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടനില്‍ നിന്നുള്ള പ്രതിനിധി രാജേഷ് കൃഷ്ണയ്‌ക്കെതിരായി വ്യവസായി മുഹമ്മദ് ഷര്‍ഷാദ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതി ചോര്‍ന്നെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ-മെയിലും ഇപ്പോള്‍ ചോര്‍ന്നു.

ഡല്‍ഹി ഹൈക്കോടതിയില്‍ സിനിമാ നിര്‍മ്മാതാവ് കൂടിയായ സിപിഐഎം അംഗം രാജേഷ് കൃഷ്ണ നല്‍കിയ മാനനഷ്ട കേസില്‍ തന്റെ പരാതിയുടെ പകര്‍പ്പ് ചേര്‍ത്തെന്നു ചൂണ്ടിക്കാട്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് ഷര്‍ഷാദ് അയച്ച ഇമെയിലാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.

പാര്‍ട്ടി ഉന്നത ഘടകമായ പോളിറ്റ് ബ്യുറോക്ക് നല്‍കിയ പരാതിയാണ് ഡല്‍ഹി ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ഷര്‍ഷാദ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് രാജേഷ് കൃഷ്ണ ഡല്‍ഹി ഹൈക്കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസിന്റെ വിശദാംശത്തിലാണ് പരാതിയും ഉള്‍പ്പെട്ടിരിക്കുന്നത്. പരാതി കോടതിയിലെത്തിയ വിഷയം ഇ-മെയില്‍ മുഖേന ഷര്‍ഷാദ് ജനറല്‍ സെക്രട്ടറി എം എ ബേബിയെ അറിയിച്ചു. പരാതി ചോര്‍ന്നത് ചൂണ്ടിക്കാട്ടി നല്‍കിയ ഇ-മെയിലും ചോര്‍ന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നെയാണ് രാജേഷ് കൃഷ്ണയ്ക്കെതിരെ ആദ്യ പരാതി നല്‍കിയത്. പി ബി അംഗം അശോക് ധാവ്ളേയ്ക്ക് നല്‍കിയ പരാതി പരിഗണിച്ച് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് രാജേഷ് കൃഷ്ണ കോടതിയെ സമീപിച്ചത്. ഷര്‍ഷാദ് നല്‍കിയ പരാതി തെളിവെന്ന് നിലയിലാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

ഇതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ ലഭിച്ച പ്രധാനപ്പെട്ട പരാതി ചോര്‍ന്നെന്ന് കാണിച്ച് ഷര്‍ഷാദ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് അയച്ച ഈമെയില്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. പത്തു കോടി രൂപയുടെ മാനനഷ്ടക്കേസ് ആണ് രാജേഷ് കൃഷ്ണ ഷര്‍ഷാദിനും ചില മാധ്യമങ്ങള്‍ക്കും എതിരെ ഫയല്‍ ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com