തൃശൂർ: വയനാട് ടൗൺഷിപ്പിൽ പരിശോധന നടത്തിയ മന്ത്രി കെ. രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ. മന്ത്രിയുടെ രൂപത്തിൽ പണിക്കാരനെ കിട്ടി എന്നാണ് ചാണ്ടി ഉമ്മൻ്റെ അധിക്ഷേപ പരാമർശം. ഇന്നലെ കണ്ടത് ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.
പുതിയ ഒരു ബിൽഡിംഗ് പണിക്കാരനെ കിട്ടിയെന്ന് പരിഹസിച്ച ചാണ്ടി ഉമ്മൻ വിള്ളൽ ഇല്ലാതെ വീട് പണിയാൻ പറ്റിയ ആളെ തൃശൂരിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷമെന്ന് പ്രതികരിച്ചു. തൃശൂർകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. വീടിന് വിള്ളൽ ഉണ്ടെന്ന് വീട്ടുടമ തന്നെ പറയുന്നു. വീട്ടുകാരനെതിരെ സൈബർ ആക്രമണം നടത്തിയിട്ടും ഭീഷണിപ്പെടുത്തിയിട്ടും കാര്യമില്ല. ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് ഇന്നലെ കണ്ടത്. യുഡിഎഫ് സർക്കാർ വന്നാൽ ഇക്കാര്യത്തിൽ സമഗ്രമായി അന്വേഷണം നടത്തുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കെ. രാജൻ്റെ വിള്ളൽ പരിശോധന നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചു. ടൗൺഷിപ്പ് ഉദ്ഘാടനം ജനങ്ങളെ കബളിപ്പിക്കാനുള്ള കാപട്യം എന്നും സതീശൻ വിമർശിച്ചു. ടൗൺഷിപ്പിൽ നടന്നത് ഗുരുതര ക്രമക്കേടാണ്. ഉദ്‌ഘാടനം തെരഞ്ഞെടുപ്പിനു മുമ്പ് നടത്തിയ കാപട്യമാണ്. രാഹുൽ ഗാന്ധി തറക്കല്ലിട്ടതിനു ശേഷം പിറ്റേദിവസം വീടു പണിതില്ലെന്നായിരുന്നു കോൺഗ്രസിന് എതിരായ ആക്ഷേപം. സർക്കാർ പണിത വീടുകളിൽ കേറി താമസിക്കാൻ പറ്റുന്ന സ്ഥിതിയിലേക്ക് ആയിട്ടില്ലെന്നും വി.ഡി. സതീശൻ ആരോപിച്ചു.