ഡൽഹി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള പ്രസ്താവന പിൻവലിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻ ചാണ്ടി കെ.ബി. ഗണേഷ് കുമാറിൻ്റെ ജീവിതം തകർക്കാൻ ശ്രമിച്ചിട്ടില്ല. കൂട്ടിച്ചേർക്കാനാണ് ശ്രമിച്ചത്. അത് അന്ന് മന്ത്രിയായിരുന്ന ഷിബു ബേബി ജോണിന് നന്നായി അറിയാമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഗണേഷ് കുമാറിൻ്റെ ഭാര്യ തന്നെ എന്താണ് സംഭവിച്ചതെന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. കെ.ബി. ഗണേഷ് കുമാറിനോട് വ്യക്തിപരമായി ഒരു അഭിപ്രായ വ്യത്യാസവുമുള്ള ആളല്ല താൻ. എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരെയുള്ള പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം എന്ന് മാത്രമാണ് പറയാനുള്ളതെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി തന്നെ ചതിച്ചെന്നും കുടുംബ ജീവിതം തകർത്തെന്നുമായിരുന്നു ഗണേഷ് കുമാറിൻ്റെ ആരോപണം. തന്നെയും മക്കളെയും വേർപിരിച്ചത് ഉമ്മൻ ചാണ്ടിയുടെ ഇടപെടലാണ്. നല്ല കുടുംബനാഥനായിരുന്നെങ്കിൽ ഉമ്മൻ ചാണ്ടി തന്നെയും മക്കളെയും യോജിപ്പിച്ച് വിടുകയായിരുന്നു ചെയ്യേണ്ടത്. മന്ത്രി സ്ഥാനം മടക്കി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്നും ഗണേഷ് കുമാർ ആരോപിച്ചിരുന്നു. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഗണേഷാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയായിരുന്നു ഗണേഷിൻ്റെ പ്രതികരണം.
സോളാര്‍ പരാതിക്കാരിയുടെ പരാതി 18 പേജില്‍ നിന്ന് 24 പേജ് ആയി കൂടിയതിന് പിന്നില്‍ ഗണേഷ് കുമാറാണെന്നും സ്വന്തം മകനെ പോലെ കണ്ടിട്ടും ഗണേഷ് കുമാർ ഉമ്മൻ ചാണ്ടിയോട് ഇങ്ങനെ കാണിക്കുമെന്ന് കരുതിയില്ലെന്നുമായിരുന്നു ചാണ്ടി ഉമ്മൻ്റെ ആരോപണം. ഇതു ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഗണേഷ്‌കുമാര്‍ രംഗത്തെത്തിയത്. ഉമ്മന്‍ചാണ്ടി തന്നോടു കാണിച്ച മര്യാദകേടിനു മറുപടി പറയണ്ടേ എന്നായിരുന്നു ഗണേഷ് കുമാറിൻ്റെ ചോദ്യം. വായില്‍ വിരലിട്ടാല്‍ കടിക്കാത്തവരുണ്ടോ. അതിന് ഇടവരുത്തരുതെന്നും പഴയ കഥകള്‍ താൻ പറയുമെന്നും ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു. മേലില്‍ ഇതു പറയരുതെന്നും പറഞ്ഞാല്‍ അപകടകരമായിരിക്കുമെന്ന മുന്നറിയിപ്പും ഗണേഷ് കുമാര്‍ നല്‍കിയിരുന്നു.
‘‘ചെയ്ത ചതികളൊക്കെ എനിക്കും പറയാനുണ്ട്. ആര്, ആരെയാണ് ചതിച്ചതെന്ന് ജനങ്ങള്‍ക്കു മനസിലാകും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കള്ളം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങരുത്. കഴിഞ്ഞ തവണ ജഗദീഷ് മത്സരിച്ചപ്പോഴും ഇതു തന്നെ പറഞ്ഞു, എന്നിട്ടെന്തായി. അന്ന് ചാണ്ടി ഉമ്മന്‍ രാഷ്ട്രീയത്തില്‍ ഇല്ല. ഞാന്‍ ഉമ്മന്‍ ചാണ്ടിയെ ചതിച്ചെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലല്ലോ. ഉമ്മന്‍ ചാണ്ടിയാണ് എന്നെ ചതിച്ചത്. ഞാന്‍ എന്തു കുറ്റം ചെയ്തിട്ടാണ് മന്ത്രിസ്ഥാനം രാജിവയ്പ്പിച്ചത്. എന്റെ പേരില്‍ എന്തു കേസാണുണ്ടായിരുന്നത്. സത്യസന്ധമായി ഞാന്‍ ജീവിച്ചതാണോ പ്രശ്‌നം. നെല്ലിയാമ്പതിയിലെ വനഭൂമി പതിച്ചുകൊടുക്കാന്‍ തയ്യാറാകാതിരുന്നതു കൊണ്ടാണോ രാജിവയ്‌ക്കേണ്ടിവന്നത്. ഒരു കുടുംബവഴക്കിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്പ്പിച്ചു. തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിക്കെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. സിബിഐ എന്നോടു ചോദിച്ചിരുന്നു. അത് ഞാന്‍ അദ്ദേഹത്തോടു പറയുകയും ചെയ്തു.
ഉമ്മന്‍ചാണ്ടി അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് എന്റെ അച്ഛന്‍ എന്നോടു പറഞ്ഞുവെന്നാണ് സിബിഐയോടു പറഞ്ഞത്. ഉമ്മന്‍ ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ എന്നെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ ആരോ പറയുന്നത് കേട്ട് കൂലിത്തല്ലുകാരനായിട്ട് ഇറങ്ങരുത്. അത് ഒഴിവാക്കുന്നതാണ് നല്ലത്. കൂടുതല്‍ പറയിപ്പിക്കരുത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അന്തസിനു നിരക്കുന്നതല്ല. ചാണ്ടി ഉമ്മന്‍ മത്സരിച്ചപ്പോള്‍ പുതുപ്പള്ളിയില്‍ ഞാന്‍ എന്തെങ്കിലും വഷളത്തരം പ്രസംഗിച്ചിരുന്നോ? മുന്‍മുഖ്യമന്ത്രി കെ. കരുണാകരനെയും ഭാര്യയെയും ഉള്‍പ്പെടെ ചീത്ത പറഞ്ഞ ആള്‍ ഇപ്പോള്‍ എവിടെയാണ് കിടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അന്ന് അതിനെതിരെ പറയാന്‍ ഇടതുമുന്നണിയില്‍ നില്‍ക്കുന്ന ഗണേഷ്‌കുമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ക്രിസ്ത്യന്‍ വിഭാഗത്തെ എനിക്കെതിരെ തിരിച്ചുവിടാനുള്ള ഗൂഢതന്ത്രമാണ് ചാണ്ടി ഉമ്മന്റേത്’’ – ഗണേഷ് കുമാറിൻ്റെ വാക്കുകൾ.