രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതിയില്‍ കോണ്‍ഗ്രസ് രണ്ട് തട്ടില്‍. രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കുന്നുവെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. കൃത്യമായി തയ്യാറാക്കിയ പരാതിയാണ് കോടതിയില്‍ നല്‍കിയതെന്നും അതില്‍ ഒന്നും പറായാനാവില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
'കെപിസിസി പ്രസിഡന്റ് പറഞ്ഞത് അതൊരു വെല്‍ഡ്രാഫ്റ്റഡ് ഡ്യോകുമെന്റ് ആണെന്നാണ്. അതിലെന്താണ് തെറ്റ്? ഞാന്‍ അത് വായിച്ചതാണ്. അതില്‍ നിയമപരമായി തന്നെ തയ്യാറാക്കിയ പരാതിയാണ്. ആര് പരാതി കൊടുത്താലും അത് കൃത്യമായി തയ്യാറാക്കിയതായിരിക്കണം. അത് ഒരു തെറ്റല്ല,' വി.ഡി. സതീശന്‍ പറഞ്ഞു.
രാഷ്ട്രീയ പ്രേരിതമാണെന്ന് തോന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ അങ്ങനെ കരുതുന്നില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഇന്ന് കോണ്‍ഗ്രസിനെതിരെയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയും വി.ഡി. സതീശന്‍ രംഗത്തെത്തി. പീഡന പരാതികളില്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ് ആണ്. മുഖ്യമന്ത്രിയുടെ കൂടെ നില്‍ക്കുന്ന ആള്‍ക്കെതിരെ പരാതി കിട്ടിയപ്പോള്‍ പൂഴ്ത്തിവെച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി വന്നപ്പോള്‍ അന്ന് തന്നെ പൊലീസിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
പി.ടി. കുഞ്ഞുമുഹമ്മദിന് എതിരായ പരാതി 13 ദിവസം പൂഴ്ത്തിവെച്ചു. ഇരട്ട നീതിയാണ് നടപ്പാക്കുന്നത്. ലൈംഗിക അപവാദ കേസുകളില്‍പ്പെട്ട എത്ര പേര്‍ മന്ത്രിസഭയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.
കണ്ണൂരില്‍ വോട്ടു ചെയ്യാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്‍മാര്‍ എന്തും ചെയ്യുമെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ ന്യായീകരിക്കാന്‍ വന്നാല്‍ പൊതു സമൂഹം അംഗീകരിക്കില്ലെന്നമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. വസ്തുതകള്‍ പുറത്ത് പറയാന്‍ അതിജീവിതമാര്‍ മടിക്കുന്നത് കൊല്ലുമെന്ന് ഭീഷണിയുള്ളതിനാലാണെന്നും അത് ഗൗരവതരമാണ്. സര്‍ക്കാര്‍ എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രമേശ് ചെന്നിത്തലയും രംഗത്തെത്തി. സിപിഐഎമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം നിലയ്ക്ക് നിര്‍ത്തട്ടെയെന്നും പാര്‍ട്ടി കോടതിയില്‍ വിചാരണ നടത്തുന്ന മുഖ്യമന്ത്രിയാണ് വലിയ വര്‍ത്തമാനം പറയുന്നത് എന്നുമാണ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.
സ്ത്രീ ലമ്പടന്മാരെ മുഴുവന്‍ സംരക്ഷിക്കുകയും പദവികള്‍ വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഈ പറയുന്നത്. ഒരു സ്ത്രീ കൊടുത്ത പരാതി പൊലീസിലേക്ക് കൈമാറി കൊടുക്കാന്‍ രണ്ടാഴ്ച എടുത്ത മുഖ്യമന്ത്രിയാണ് കോണ്‍ഗ്രസിനെതിരെ പറയുന്നതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ നടന്ന കര്യങ്ങള്‍ ഒന്നും നമ്മളെ കൊണ്ട് പറയിപ്പിക്കരുത്. പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ പിണറായി വിജയന്‍ പീഡന പരാതികള്‍ ഒതുക്കി തീര്‍ത്തുവെന്നും ചെന്നിത്തല ആരോപിച്ചു.