

തിരുവനന്തപുരം: സ്വർണക്കവർച്ചയിലെ ഹൈക്കോടതി കണ്ടെത്തൽ സർക്കാരിനും ദേവസ്വം ബോർഡിനുമേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയിൽ നടന്നത് ഗുരുതര തിരിമറിയാണെന്നാണ് എല്ലാം പരിശോധിച്ച ശേഷം കോടതി നിരീക്ഷിച്ചത്. ദ്വാരപാലക ശിൽപ്പത്തിൽ മാത്രമല്ല ശബരിമലയിലെ കതകിലും കട്ടിളപ്പടിയിലും തിരിമറി നടന്നുവെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
പ്രതിപക്ഷം നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങൾക്കാണ് കോടതി അടിവരയിട്ടിരിക്കുന്നത്. മാത്രമല്ല അന്വേഷണ സംഘത്തോട് റിപ്പോർട്ട് കോടതിക്ക് നൽകണമെന്ന ഉത്തരവ് ആശ്വാസകരമാണെ്. സംസ്ഥാന പൊലീസ് കേസ് അന്വേഷിക്കുമ്പോൾ സർക്കാരും രാഷ്ട്രീയ നേതൃത്വവും ഇടപെടുമോ എന്ന അയ്യപ്പ ഭക്തരുടെ ഭയം കൂടി കണക്കിലെടുത്താണ് കോടതിയുടെ തീരുമാനമെന്നും വി.ഡി. സതീശൻ പറഞ്ഞു.
സത്യസന്ധമായി കേസ് അന്വേഷിക്കണം എന്നാണ് പ്രതിപക്ഷം അഭ്യർത്ഥിക്കുന്നത്. ദ്വാരപാലക ശിൽപ്പം കോടീശ്വരന് വിൽക്കാൻ കൂട്ടുനിന്നവർ നിയമത്തിന് മുന്നിൽ വരണം. സർക്കാരിന്റേത് ഉണ്ണികൃഷ്ണൻ പോറ്റിയെ സംരക്ഷിക്കുന്ന നിലപാടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.