എറണാകുളം: സംസ്ഥാനത്തെ പൊലീസ് മർദനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനങ്ങളോട് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
"ആരാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നത്. മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നത്?, പ്രതിപക്ഷ നേതാവ് ചോദിച്ചു. പൊലീസ് മർദനങ്ങളില്‍ ഡിജിപി അല്ല പ്രതികരിക്കേണ്ടത്. മാധ്യമങ്ങൾ ഇക്കാര്യം ചർച്ചയാക്കണം. ആഭ്യന്തര വകുപ്പിനെതിരായ ആരോപണത്തിന് മന്ത്രി ശിവൻകുട്ടി മറുപടി പറഞ്ഞാൽ പോരാ. പൊലീസ് ഗുണ്ടാസംഘത്തിനും ക്രിമിനൽ സംഘത്തിനും മുഖ്യമന്ത്രി നേതൃത്വം നൽകുന്നുവെന്നും സതീശന്‍ ആരോപിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം കഴിഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. കടുത്ത നടപടി സ്വീകരിക്കണമെന്നായിരുന്നു പാർട്ടിയിലെ ഭൂരിപക്ഷം പേരുടെയും നിലപാട്. കൂട്ടായിട്ടാണ് സസ്പെന്‍ഷന്‍ നടപടിയിലേക്ക് കടന്നതെന്നും സതീശന്‍ പറഞ്ഞു. ഇക്കാര്യത്തിൽ തനിക്കെതിരെയുള്ള സൈബർ ആക്രമണം എന്തിനെന്ന് അറിയില്ല. ആദ്യം പറഞ്ഞത് താൻ ആ ചെറുപ്പക്കാരനെ സംരക്ഷിക്കുന്നു എന്നാണ്. എന്നാല്‍, ഇപ്പോള്‍ ഒരു ചെറുപ്പക്കാരന്റെ ഭാവി നശിപ്പിക്കുകയാണെന്ന് പറയുന്നു. ഇതുരണ്ടും ഒരേസമയം ഒരാൾക്ക് എങ്ങനെ ചെയ്യാൻ കഴിയുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി, അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടി എടുത്ത തീരുമാനമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അച്ചടക്ക നടപടി. ഇതിനെ കോൺഗ്രസ് പ്രവർത്തകരാരും ചോദ്യം ചെയ്യുമെന്ന് തോന്നുന്നില്ലെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.
ശബരിമലയിലെ ആചാരലംഘനത്തെ അനുകൂലിക്കുന്ന സത്യമാങ്മൂലം സർക്കാർ പിൻവലിക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അയ്യപ്പ ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമോയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സ്വർണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയും ആരോപിച്ചു.