തിരുവനന്തപുരം: നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിഷ്ണുപുരം ചന്ദ്രശേഖരനെ മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചതെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രമേശ് ചെന്നിത്തലയുമായും തിരുവഞ്ചൂർ രാധാകൃഷ്ണനുമായും വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തിയിരുന്നു. കന്റോൺമെന്റ് ഹൗസിൽ എത്തിയും ചർച്ച നടത്തി. ഇന്നലെ മാത്രം രണ്ടു തവണ വിളിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഘടക കക്ഷി ആക്കണം എന്നതായിരുന്നു ആവശ്യം. അസോസിയേറ്റ് അംഗം ആക്കിയതിൽ അതൃപ്തി ഉണ്ടാകും. അസോസിയേറ്റ് അംഗം ആദ്യപടി ആണ്. എല്ലാ തരത്തിലുള്ള പരിഗണനയും ഉണ്ടാകും. വരാനും വരാതിരിക്കാനും അവർക്ക് അവകാശമുണ്ടെന്നും വരുന്നില്ലെങ്കിൽ വരേണ്ടന്നും വി.ഡി. സതീശൻ പറഞ്ഞു.
പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ ചേർന്നെന്ന് നേരത്തെ സതീശൻ വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും പാർട്ടികളെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷമാണ് തീരുമാനം അദ്ദേഹം പറഞ്ഞത്. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയും യുഡിഎഫിൽ അസോസിയേറ്റ് അംഗമാകുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ വിഷ്ണുപുരം ചന്ദ്രശേഖരൻ വാർത്താ സമ്മേളനം വിളിച്ച് യുഡിഎഫിലേക്കില്ലെന്നു വിശദീകരിച്ചിരുന്നു. യുഡിഎഫിൽ ചേരാൻ താൻ കത്ത് കൊടുത്തു എന്നുള്ള വി.ഡി. സതീശന്റെ അവകാശവാദത്തെയും വിഷ്ണുപുരം ചന്ദ്രശേഖരൻ തള്ളിക്കളഞ്ഞിരുന്നു. യുഡിഎഫിൽ ചേരാൻ കത്ത് നൽകിയിട്ടില്ലെന്നും നൽകിയെങ്കിൽ കത്ത് പുറത്ത് വിടണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.