ഡൽഹി: ശബരിമലയിൽ നടന്നത് വൻ ക്രമക്കേടെന്ന് സുപ്രീംകോടതി. ദൈവത്തെ പോലും വെറുതെവിട്ടില്ലെന്ന് കോടതിയുടെ പരാമർശം. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിന്റെ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം. ശങ്കർദാസിന്റെ പ്രായത്തിന്റെ കാര്യത്തില്‍ മാത്രം അനുകമ്പയുണ്ടെന്ന് പറഞ്ഞ കോടതി ഹർജി തള്ളി. കേസിൽ ഹൈക്കോടതി പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്ന ശങ്കര്‍ ദാസിന്റെ ആവശ്യം പരിഗണിച്ചില്ല.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരവധി തവണ വിർമശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയും രൂക്ഷ ഭാഷയിൽ വിർമശിച്ചത്. ശബരിമലയില് സ്വർണകൊള്ള നടത്തിയതിന്റെ കൂട്ടുത്തരവാദിത്തം ശങ്കർ ദാസിനുണ്ടെന്നും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ പരാർമശം.
2019ലെ ബോർഡ് മെമ്പർമാരായ ശങ്കർദാസ്, എൻ വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ഇവർക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്ന് കോടതി ചോദിച്ചിരുന്നു. തനിക്കെതിരെ കോടതി നടത്തിയ ഈ പരാമർശങ്ങൾ തന്റെ ഭാഗം കേൾക്കാതെയാണെന്നും ഇതിനാൽ പരാമർശം നീക്കണമെന്നുമാണ് ശങ്കർദാസ് സുപ്രീംകോടതി അഭിഭാഷകൻ എ. കാർത്തിക് മുഖാന്തരം നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന് ആറാഴ്ച കൂടി സമയം ഹൈക്കോടതി അനുവദിച്ചു. എസ്ഐടി ഹൈക്കോടതിയിൽ അന്വോഷണ പുരോഗതി റിപ്പോർട്ട് സമർപിച്ചു. അന്വേഷണ സംഘം കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആറാഴ്ചകൂടി സമയം അനുവദിച്ചത്. ഈമാസം 19ന് എസ്ഐടി വീണ്ടും ഇടക്കാല റിപ്പോർട്ട് നൽകും. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ ടീമിൽ ഉൾപ്പെടുത്താൻ എസ്‌പിക്ക് അനുമതി നല്‍കി. സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള അന്വേഷണത്തിലെ മെല്ലെ പോക്കിനെ നേരത്തേ കോടതി വിമർശിച്ചിരുന്നു.