
വയനാട്: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ കടുത്ത പ്രതിരോധത്തിലായതോടെ സിപിഐഎമ്മിന് മുന്നറിയിപ്പുമായി വി.ഡി. സതീശൻ. കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും. കരുതിയിരുന്നോളൂ എന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. ബിജെപിക്കെതിരേയും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാളയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താൻ പ്രതിഷേധം നടത്തിപ്പിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
"ഇക്കാര്യത്തിൽ സിപിഐഎം അധികം കളിക്കരുത്. പലതും പുറത്തുവരാനുണ്ട്. അത് പുറത്ത് വന്നാൽ കേരളം ഞെട്ടിപ്പോകും. അതിന് തെരഞ്ഞെടുപ്പ് വരെ ഒന്നും കാത്തിരിക്കേണ്ടതില്ല. വേണമെങ്കിൽ ഭീഷണിയാണെന്ന് കണക്കാക്കിക്കോളൂ. ബിജെപിക്കാരോടും ഒരു പ്രത്യേക കാര്യം പറയാനുണ്ട്. ബിജെപിക്കാർ ഒരുകാളയുമായി കന്റോൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. അടുത്ത ദിവസം തന്നെ അതേ കാളയുമായി രാജീവ് ചന്ദ്രശേഖരന്റെ വീട്ടിലേക്ക് ഒരു പ്രകടനം നടത്തേണ്ടിവരും. കാത്തിരുന്നാൽ മതി", വി.ഡി. സതീശൻ.
എം.വി. ഗോവിന്ദന്റെ മകനെതിരായ ഗുരുതരാരോപണത്തിൽ സിപിഐഎമ്മിന് മറുപടിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. സിപിഐഎം നേതാക്കൾക്കും മന്ത്രിക്കും ഹവാല പണം നൽകിയെന്ന ആരോപണം ഗുരുതരമാണ്. അത് മറച്ചു വയ്ക്കാനാണ് ഈ വിഷയം ഉയർത്തിപ്പിടിക്കുന്നത്. റേപ്പ് കേസിൽ പ്രതിയായ സ്വന്തം എംഎൽഎയോട് രാജിവെക്കാൻ സിപിഐഎം ആവിശ്യപ്പെടണം. ലൈംഗിക അപവാദ കേസിൽ പ്രതികളായ എത്ര മന്ത്രിമാർ അവിടെയുണ്ടെന്നും വി.ഡി. സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ലൈംഗിക അപവാദ കേസ് പ്രതികളെ പോലും വച്ചുകൊണ്ടാണ് ഈ പ്രചരണം നടത്തുന്നത്. എം.വി. ഗോവിന്ദനെ രക്ഷിക്കാനും ഹവാല ഇടപാട് മറച്ചു പിടിക്കാനും ആണ് സിപിഐഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം അടഞ്ഞ അധ്യായമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിൽ ഒരു പാർട്ടിയും ചെയ്യാത്ത നടപടിയാണ് കോൺഗ്രസ് എടുത്തത്. സ്വന്തം സഹപ്രവർത്തകനെതിരെ നടപടിയെടുത്തത് ഹൃദയവേദനയോടുകൂടിയാണ്. മുഖവും ബന്ധവും നോക്കിയല്ല അത് ചെയ്തത്. സ്ത്രീപക്ഷ നിലപാടാണ് അവിടെ സ്വീകരിച്ചത്. ബോധ്യമുള്ളതുകൊണ്ടും പാർട്ടി സ്ത്രീകളെ ബഹുമാനിക്കുന്നത് കൊണ്ടുമാണ് നടപടിയെടുത്തതെന്നും വി.ഡി. സതീശൻ പറഞ്ഞു.
മാധ്യമങ്ങൾ പിണറായി വിജയനോട് അവർ സംരക്ഷിച്ചിരിക്കുന്ന ആളുകളെ കുറിച്ച് ചോദിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. പക്ഷേ അതിന് ചാൻസ് കിട്ടില്ല. ഇനി പത്രസമ്മേളനം നടത്തില്ല. നടത്തിയാലും ഇഷ്ടക്കാർ ചോദിക്കുന്ന അഞ്ച് ചോദ്യങ്ങളെ ഉണ്ടാകു. സിപിഐഎം ഈ സമരം തുടരണം. ഈ നടപടിയുടെ പേരിൽ കേരളത്തിന്റെ പൊതുസമൂഹം ഞങ്ങളെ വിളിക്കുന്നുണ്ട്. തീരുമാനം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സംഭവമാണ് എന്നാണ് അവർ പറയുന്നത്. എന്നാൽ ഐഎഎസുകാരിയായ ഉദ്യോഗസ്ഥയെ വരെ അപമാനിച്ചയാൾ ഇപ്പോഴും മന്ത്രിയായി തുടരുകയാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.