

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍ അടക്കമുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തുന്ന സിഎംആര്‍എല്‍ മാസപ്പടി ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് വിവാദ കമ്പനിയുടെ എംഡിയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയുടെ പേജ് എന്ന പേരില്‍ ഫേസ്ബുക്കിലാണ് ഷോണ്‍ ജോര്‍ജ് രേഖ പങ്കുവെച്ചത്.
ഡയറിയിൽ വി.ഡി സതീശൻ്റെ അടക്കം ഇടത്- വലത് നേതാക്കളുടെ പേരുകളും ഉള്‍പ്പെടുന്നുണ്ട്. രേഖയില്‍ വി.ഡി. സതീശന് പുറമേ പിണറായി വിജയൻ, രമേശ് ചെന്നിത്തല, ഹൈബി ഈഡന്‍, കെ. മുരളീധരന്‍, ജി. സുധാകരന്‍, എസ്. ശര്‍മ്മ, പന്ന്യന്‍ രവീന്ദ്രൻ, കെ. ചന്ദ്രന്‍പിള്ള, പി. രാജീവ് അടക്കം നിരവധി ഇടത് - വലത് നേതാക്കളുടെ പേരുകളും ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം ഡയറിയിലെ ബിജെപി നേതാക്കളുടെ പേരുവിവരങ്ങൾ മറച്ചുവെച്ചാണ് ഷോൺ ജോർജ് ലിസ്റ്റ് പുറത്തുവിട്ടത്. ലിസ്റ്റിൽ ബിജെപി നേതാവ് വി. മുരളീധരൻ്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രാഷ്ട്രീയക്കാർ, പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമസ്ഥാപനങ്ങൾ, വിവിധ സംഘടനകൾ എന്നിവർക്ക് പണം നൽകിയത് ഡയറിയിലുണ്ട്.
എല്ലാവർക്കും പണം നൽകിയത് കരിമണൽ ഖനനത്തിന് ഭീഷണി അടക്കം നേരിട്ട ഘട്ടത്തിൽ എന്ന് കർത്ത ഇൻകം ടാക്സിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ ഷോൺ ജോർജ് രേഖ പുറത്ത് വിട്ടതിൽ ബിജെപിയിൽ അതൃപ്തി. ജില്ലയിലെ പ്രധാന നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചു. ബിജെപിക്ക് തല വേദന ഉണ്ടാക്കുന്ന പ്രവർത്തനമാണ് ഇതെന്നും നേതാക്കൾ ആരോപിച്ചു.