

തിരുവനന്തപുരം: മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനെതിരായ മാനനഷ്ടക്കേസ് കോടതിയിൽ വാദിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചതായ വിവരങ്ങൾ പുറത്തുവന്നു. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് ഇത്രയും ഭീമമായ തുക അനുവദിച്ചത്.
ലോട്ടറി വ്യവസായി സാന്തിയാഗോ മാർട്ടിൻ തോമസ് ഐസക്കിനെതിരെ ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് സർക്കാർ ഫണ്ട് ഉപയോഗിച്ച് നിയമ നടപടികൾ നേരിട്ടത്. ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെ ഭാഗമല്ലാത്ത വ്യക്തിപരമായ കേസുകൾക്കായി പൊതുപണം ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടങ്ങൾ നിലനിൽക്കെയാണ് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ഈ രീതിയിൽ ചെലവഴിച്ചത്.
കേസ് വാദിക്കാൻ എൽഡിഎഫ് സർക്കാർ ചെലവാക്കിയത് 30 ലക്ഷം രൂപയാണ്. സാൻ്റിയാഗോ മാർട്ടിൻ സിക്കിം കോടതിയിൽ സ്വകാര്യ അന്യായമായി ഫയൽ ചെയ്ത കേസിലാണ് സർക്കാർ ചെലവിൽ അഭിഭാഷകനെ നിയമിച്ചത്. അഭിഭാഷകൻ്റെ ഫീസ് ഇനത്തിലാണ് ഇത്രയും തുക ചെലവഴിച്ചത്. സർക്കാർ അഭിഭാഷകനെ നിയമിക്കാതെ പുറത്ത് നിന്നുള്ള അഭിഭാഷകനെയാണ് കേസ് വാദിക്കാൻ ഏൽപ്പിച്ചത്.
സാൻ്റിയാഗോ മാർട്ടിൻ ലോട്ടറി മാഫിയക്കാരനാണെന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലെ തോമസ് ഐസകിൻ്റെ പരാമർശമാണ് കേസിന് ആധാരം. തുടർന്ന് സാൻ്റിയാഗോ മാർട്ടിൻ 5 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു.