

മലപ്പുറം: മുസ്ലീം ലീഗുകാർ ആരോപിക്കുന്നത് പോലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതു സർക്കാരിൻ്റെ പരാജയത്തിൻ്റെ കാരണം താനല്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഫോണിലൂടെ ന്യൂസ് മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടി നൽകിയത്.
ഭരണനേട്ടം ജനങ്ങളിലെത്തിക്കാൻ പാർട്ടി അണികൾക്ക് കഴിഞ്ഞില്ലെന്നും തിരുത്തിയാൽ ഇടതുപക്ഷത്തിന് ഇനിയും തിരിച്ചു വരാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. താൻ മുസ്ലിംവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും പിണറായിയുടെ വണ്ടിയിൽ കയറിയത് കൊണ്ട് മതേതരത്വം നഷ്ടപ്പെട്ടോയെന്നും മുസ്ലീം ലീഗുകാർ മറുപടി പറയണമെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
"മുഖ്യമന്ത്രി പിണറായി വിജയൻ്റെ കാറിൽ ഞാൻ സഞ്ചരിച്ചത് ഇത്ര അപരാധമാണോ? ഞാൻ നല്ല വണ്ടിയിൽ സഞ്ചരിക്കുന്ന ആളാണ്. പിണറായിയുടെ വണ്ടിയിൽ കയറിയത് കൊണ്ട് മതേതരത്വം നഷ്ടപ്പെട്ടോ? ഞാൻ അയിത്ത ജാതിക്കാരൻ ആയതാണോ ലീഗുകാരുടെ കുഴപ്പം? മുസ്ലീം ലീഗുകാരുടെ വണ്ടിയിൽ വേറെ ആരെയെങ്കിലും കയറ്റാറുണ്ടോ? അവർ തങ്ങളുടെ വണ്ടിയിൽ വേറെ സമുദായക്കാരെ ആരെയെങ്കിലും കയറ്റാറുണ്ടോ? ഞാൻ പിണറായിയുടെ വണ്ടിയിൽ കയറിയത് കൊണ്ട് സുനാമി എന്തെങ്കിലും സംഭവിച്ചോ? ഞാനൊരിക്കലും മുസ്ലീംവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. കുറ്റപ്പെടുത്തിയത് മുസ്ലീം ലീഗിനെയാണ്. ഞാൻ മതേതര ചിന്തയുള്ളവനാണ്," വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
ഭരണനേട്ടം ജനങ്ങളിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ പാർട്ടി അണികൾക്ക് കഴിഞ്ഞില്ലെന്നും തിരുത്തിയാൽ ഇടതുപക്ഷത്തിന് ഇനിയും തിരിച്ചു വരാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
"അതേസമയം, പാർട്ടിക്കാരുടെ മസില് പിടുത്തം ഒഴിവാക്കണം. അവർ ജനങ്ങൾക്ക് സ്നേഹം കൊടുക്കണം. ത്രിതല പഞ്ചായത്തിലെ പാറ്റേൺ കണ്ട് സർക്കാരിനെ വിലയിരുത്തരുത്. പത്തുവർഷം ഭരിച്ചവരോട് എതിർപ്പ് സ്വാഭാവികമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ എൽഡിഎഫിലെ ഘടകകക്ഷികൾ കുറ്റപ്പെടുത്തുന്നതിൽ എനിക്ക് സങ്കടമുണ്ട്. പത്ത് വർഷം കൂടെ നിന്ന് എല്ലാ സുഖസൗകര്യവും അനുഭവിച്ചവരാണ് അവർ. ഇപ്പോൾ പിണറായിയെ കുറ്റപ്പെടുത്തുന്നത് നെറികേടാണ്," വെള്ളാപ്പള്ളി വിമർശിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും വെള്ളാപ്പള്ളി വിമർശിച്ചു. "ഭരണത്തിൽ വരുമെന്ന് വി.ഡി. സതീശൻ പറയുന്നത് മലർപൊടിക്കാരൻ്റെ സ്വപ്നമാണ്. സതീശൻ ഇതിനേക്കാൾ വലിയ വെടി പൊട്ടിച്ചയാളാണ്," വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.