കേരളത്തില്‍ സായുധ വിപ്ലവം നടത്താനിറങ്ങിപ്പുറപ്പെട്ടയാള്‍, ശിഷ്ടജീവിതം സുവിശേഷത്തിന്റെ ആത്മീയവഴി; വെള്ളത്തൂവല്‍ സ്റ്റീഫന്‍ വിടപറയുമ്പോള്‍

നക്‌സല്‍ബാരി സിന്ദാബാദ് മുഴക്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാഥകള്‍ നടന്ന കാലം.
കേരളത്തില്‍ സായുധ വിപ്ലവം നടത്താനിറങ്ങിപ്പുറപ്പെട്ടയാള്‍, ശിഷ്ടജീവിതം സുവിശേഷത്തിന്റെ ആത്മീയവഴി; വെള്ളത്തൂവല്‍ സ്റ്റീഫന്‍ വിടപറയുമ്പോള്‍
Published on
Updated on

വസന്തത്തിന്റെ ഇടിമുഴക്കമെന്ന് കാല്‍പ്പനികമായും അപക്വമായ അതിവിപ്ലവ മോഹങ്ങളെന്ന് വിമര്‍ശനപരമായും വിശേഷിപ്പിക്കപ്പെട്ട ഒരു കാലഘട്ടത്തിന്റെ ഒടുവിലത്തെ ഏടുകളിലൊന്നാണ് വെള്ളത്തൂവല്‍ സ്റ്റീഫന്റെ നിര്യാണത്തോടെ മറയുന്നത്. നക്‌സല്‍ബാരിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേരളത്തില്‍ സായുധ വിപ്ലവം സംഘടിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സാഹസികരില്‍ ഒരാളായിരുന്നു വെള്ളത്തൂവല്‍ സ്റ്റീഫന്‍.

കേരളത്തിലെ ആദ്യത്തെ നക്‌സല്‍ ആക്രമണമായ തലശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തോടെയാണ് അദ്ദേഹം വിപ്ലവ വഴിയില്‍ സജീവമായത്. പിന്നീട് നക്‌സലിസം പാടേ ഉപേക്ഷിച്ച സ്റ്റീഫന്‍ സുവിശേഷത്തിന്റെ ആത്മീയ വഴിയിയിലേക്ക് തിരിഞ്ഞു. തുന്നല്‍പ്പണിക്കാരനായി ശിഷ്ട ജീവിതം നയിച്ച സ്റ്റീഫന്‍ അവസാനം വരെ ദര്‍ശനത്തിലും പ്രത്യയശാസ്ത്രത്തിലുമെല്ലാം സ്വയം കണ്ടെത്തിയ നിലപാടുകളില്‍ ഉറച്ചുനിന്നു.

കേരളത്തില്‍ സായുധ വിപ്ലവം നടത്താനിറങ്ങിപ്പുറപ്പെട്ടയാള്‍, ശിഷ്ടജീവിതം സുവിശേഷത്തിന്റെ ആത്മീയവഴി; വെള്ളത്തൂവല്‍ സ്റ്റീഫന്‍ വിടപറയുമ്പോള്‍
കേരളത്തിലെ ആദ്യകാല നക്സൽ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

1968-70 കാലഘട്ടം, നക്‌സല്‍ ബാരിയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് കേരളത്തില്‍ സായുധ വിപ്ലവ പ്രസ്ഥാനങ്ങളിലേക്ക് യുവാക്കള്‍ ഒഴുകി തുടങ്ങിയ കാലം. കുന്നിക്കല്‍ നാരായണന്‍, നക്‌സല്‍ വര്‍ഗീസ്, കെ. അജിത എന്നിവര്‍ക്കൊപ്പം അന്ന് മുഴങ്ങിക്കേട്ട പ്രധാന പേരുകളിലൊന്നായിരുന്നു വെള്ളത്തൂവല്‍ സ്റ്റീഫന്റേത്. നക്‌സല്‍ബാരി സിന്ദാബാദ് മുഴക്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാഥകള്‍ നടന്ന കാലം.

1968-ല്‍ നക്‌സലൈറ്റുകള്‍ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. അന്ന് കുന്നിക്കല്‍ നാരായണനൊപ്പം നേതൃപരമായ പങ്ക് വഹിച്ചത് വെള്ളത്തൂവല്‍ സ്റ്റീഫനായിരുന്നു. സ്റ്റീഫന്‍ എറിഞ്ഞ നാടന്‍ ബോംബ് ഭിത്തിയില്‍ തട്ടി പുറത്തേക്ക് തെറിച്ച് വീണതില്‍ ആ ആക്രമണം പൂര്‍ണമായ തോതില്‍ വിജയത്തിലെത്തിയില്ല. പക്ഷേ നക്‌സല്‍ പ്രസ്ഥാനങ്ങളുടെ വരവ് കേരളത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. പുല്‍പ്പള്ളി പൊലീസ് ആക്രമണത്തിന് ശേഷം കേരളത്തിലെ നക്‌സലൈറ്റ് പോരാട്ടങ്ങള്‍ക്ക് ഏകോപനമുണ്ടായപ്പോള്‍ അതിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നു സ്റ്റീഫന്‍.

കേരളത്തില്‍ സായുധ വിപ്ലവം നടത്താനിറങ്ങിപ്പുറപ്പെട്ടയാള്‍, ശിഷ്ടജീവിതം സുവിശേഷത്തിന്റെ ആത്മീയവഴി; വെള്ളത്തൂവല്‍ സ്റ്റീഫന്‍ വിടപറയുമ്പോള്‍
"ഇന്‍ഫാമിൻ്റെ കരുത്ത്, കര്‍ഷകര്‍ക്കായി എന്നും ശബ്ദമുയര്‍ത്തുന്ന വ്യക്തി"; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

തൃശ്ശിലേരിയിലും തിരുനെല്ലിയിലും വര്‍ഗീസിന്റെ നേതൃത്വത്തിലും, പാലക്കാട് മുണ്ടൂരില്‍ രാവുണ്ണിയുടെ നേതൃത്വത്തിലും, തിരുവന്തപുരം കൊല്ലം ജില്ലകളിലായി നഗരൂര്‍-കുമ്മിളില്‍ വെള്ളത്തൂവല്‍ സ്റ്റീഫന്റെ നേതൃത്വത്തിലും ജന്മിമാരെ കൊന്നൊടുക്കി. 1971 ല്‍ സ്റ്റീഫന്‍ പൊലീസ് പിടിയിലായി. നക്‌സല്‍ പ്രസ്ഥാനങ്ങളുടെ ആദ്യ ഘട്ടത്തിന്റെ അവസാനം എന്ന് വിശേഷിപ്പിക്കപ്പെട്ട അറസ്റ്റായിരുന്നു സ്റ്റീഫന്റേത്.

ജയിലിലാകുമ്പോള്‍ കൊലപാതകമടക്കം ഏകദേശം 18 ഓളം കേസുകളില്‍ പ്രതിയായിരുന്നു വെള്ളത്തൂവല്‍ സ്റ്റീഫന്‍. പൊലീസ് ക്യാമ്പുകളിലും ലോക്കപ്പിലും അതിക്രൂരമായ മര്‍ദ്ദനം സ്റ്റീഫന് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് 15 വര്‍ഷം തടവ് ജീവിതം. ജയിലില്‍ വെച്ച് തന്നെ ചാരുമംജുദാറിന്റെ ഉന്മൂലന വഴിയോട് സ്റ്റീഫന്‍ വിടപറഞ്ഞു. വെള്ളത്തൂവലിലെ തയ്യല്‍ കടയിലെ ജീവിതത്തിന് പിന്നാലെ സുവിശേഷ വഴികളിലേക്ക്. നക്‌സല്‍ പ്രസ്ഥാനങ്ങളോട് പൂര്‍ണമായും വിട പറഞ്ഞ വെള്ളത്തൂവല്‍ സ്റ്റീഫന്‍, സ്വയം വിമര്‍ശനപരമായും നക്‌സല്‍ പ്രസ്ഥാനങ്ങളെ വിമര്‍ശിച്ചുമാണ് തന്റെ ആത്മകഥ പൂര്‍ത്തിയാക്കിയത്.

കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലെ കര്‍ഷക കുടുംബത്തിലാണ് സ്റ്റീഫന് പിതാവിനൊപ്പം ഇടുക്കി ജില്ലയിലെ വെള്ളത്തൂവലിലേക്ക് കുടിയേറി. പിതാവിന്റെ വഴിയില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം. പിന്നീട് പിളര്‍പ്പിന് ശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ചെങ്കിലും ചാരുമജുംദാറിന്റെ നക്‌സലൈറ്റ് പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി അതിന്റെ ഭാഗമായി. ഒരു കൂട്ടര്‍ കൂടുതല്‍ വലത്തോട്ടും ഒരു കൂട്ടര്‍ കൂടുതല്‍ ഇടത്തോട്ടും വ്യതിചലിച്ചുവെന്നാണ് തന്റെ ആത്മകഥയില്‍ സ്റ്റീഫന്‍ ഇന്ത്യന്‍ നക്‌സലിസത്തെ വിലയിരുത്തിയത്. സുവിശേഷ വഴിയിലെ സ്റ്റീഫനെയും അദ്ദേഹം പുനര്‍നിര്‍മിച്ചിരുന്നു. മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം സംസ്‌കരിക്കണമെന്ന ആഗ്രഹമാണ് അദ്ദേഹം അവസാനം കുടുംബത്തെ അറിയിച്ചിരുന്നത്. വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ എന്ന പേരിലെ ജീവിതാനുഭവങ്ങള്‍ക്കൊപ്പം .ചരിത്രശാസ്ത്രവും മാര്‍ക്സിയന്‍ ദര്‍ശനവും, പ്രചോദനം, ആതതായികള്‍, അര്‍ദ്ധബിംബം, മേഘപാളിയിലെ കാല്‍പ്പാടുകള്‍, കനല്‍വഴികള്‍ കടന്ന് ഒരു ദൈവസാക്ഷ്യം തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com