

മുത്തങ്ങ ഭൂസമരത്തിലെ അക്രമക്കേസുകളിൽ നിർണായക വിധിയുമായി കല്‍പ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി. പൊലീസ് കോണ്‍സ്റ്റബിള്‍ വിനോദ്‌കുമാർ കൊലപാതക കേസിൽ രണ്ടാം പ്രതി മാത്രമാണ് കുറ്റക്കാരനെന്നും മറ്റുപ്രതികളെ വെറുതെ വിടുന്നുവെന്നും കോടതി വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ സലാം വധശ്രമക്കേസിൽ ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാലു പേർക്ക് അഞ്ച് വർഷം കഠിന തടവ് വിധിച്ചു. വിനോദ്‌കുമാറിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ ധനസഹായം നൽകണമെന്നും കോടതി ഉത്തരവിട്ടു. 23 വർഷം കഴിഞ്ഞുള്ള വിധിയിൽ നിരാശയെന്ന് വിനോദ് കുമാറിന്റെ കുടുംബം പ്രതികരിച്ചു. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ വിശദമായ വിചാരണയ്ക്ക് ശേഷമാണ് വിധി പറഞ്ഞത്.
2003 ഫെബ്രുവരി 19ന് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെയാണ് കണ്ണൂർ സ്വദേശിയായ പൊലീസ് കോൺസ്റ്റബിള്‍ വിനോദ്‌കുമാർ കൊല്ലപ്പെട്ടത്. ആദിവാസി ഗോത്ര മഹാസഭയുടെ നേതാക്കളായ ഗീതാനന്ദൻ, സി.കെ. ജാനു എന്നിവരുൾപ്പെടെ നേതൃത്വം നൽകിയ സമരത്തിനിടയിലെ കൊലപാതകത്തിൽ ഗീതാനന്ദൻ ഉൾപ്പെടെ അമ്പത്തിയേഴ് പ്രതികളാണ് ഉണ്ടായിരുന്നത്. 23 വർഷത്തെ വിചാരണയ്‌ക്കൊടുവിൽ കേസിൽ രണ്ടാം പ്രതിയായിരുന്ന അശോകൻ മാത്രമാണ് പ്രതിയെന്നും, അശോകന്റെ വെട്ടേറ്റാണ് വിനോദ്‌കുമാർ മരിച്ചതെന്നും കോടതി കണ്ടെത്തി. മരിച്ചതിനാല്‍ അശോകനെതിരെ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. കൊലപാതക കേസിൽ മറ്റു പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ ഗീതാനന്ദൻ ഉൾപ്പെടെ ഈ കേസിൽ കുറ്റവിമുക്തരായി.
അതേസമയം, 23 വർഷം കാത്തിരുന്ന വിധിയിൽ നിരാശയെന്ന് വിനോദ് കുമാറിന്റെ കുടുംബം പ്രതകരിച്ചു. വിധി പ്രസ്താവം കേട്ടത് മരവിച്ച മനസുമായെന്ന് വിനോദിന്റെ സഹോദരനും റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനുമായ കെ വി ബാബു പറഞ്ഞു. സർക്കാർ അപ്പീൽ നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. വിനോദ് കുമാറിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ ധനസഹായം നൽകാനും കോടതി ഉത്തരവിട്ടുണ്ട്.
അതേസമയം സമരത്തിനിടെ അബ്ദുൽ സലാമെന്ന ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദൻ ഉൾപ്പെടെ നാലുപേർ പ്രതികളാണെന്ന് കോടതി കണ്ടെത്തി. ഈ കേസിൽ ഗീതാനന്ദനെതിരെ ഗൂഢാലോചന കുറ്റം തെളിഞ്ഞു. കേസിലെ നാലു പ്രതികൾക്കും കോടതി അഞ്ച് വർഷത്തെ കഠിന തടവ് വിധിച്ചിട്ടുണ്ട്. സാമുഹിക സാഹചര്യം പരിഗണിച്ച് ശിക്ഷ ഒഴിവാക്കണമെന്ന് ഗീതാനന്ദൻ ഉൾപ്പെടെ പ്രതികൾ അഭ്യർഥിച്ചെങ്കിലും ആവശ്യം കോടതി തള്ളി. എന്നാൽ വിധിയിൽ പ്രതികരിച്ച പ്രതിഭാഗം അഭിഭാഷകൻ വിനോദിനും ജോഗിക്കും നീതി ലഭിച്ചില്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. വിധിപ്രസ്താവം പരിശോധിച്ച ശേഷം തുടർനടപടിയെന്ന് സി ബി ഐയുടെ അഭിഭാഷകനും പറഞ്ഞു.