

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. അടച്ചിട്ട മുറിയിലായിരുന്നു കഴിഞ്ഞ ദിവസം രാഹുലിൻ്റെ ജാമ്യാപേക്ഷയിലെ വാദം നടന്നത്. പരാതിക്കാരിയുമായി ഉണ്ടായത് ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്നായിരുന്നു പ്രതിഭാഗം ആവർത്തിച്ചത്. ലൈംഗിക ബന്ധത്തിന് കണ്‍സെന്റ് നല്‍കുന്നതെന്ന് അവകാശപ്പെടുന്ന പരാതിക്കാരിയുടെ ശബ്ദരേഖ അഭിഭാഷകര്‍ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിയും രാഹുലും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റും സമർപ്പിച്ചു.
എന്നാൽ ഒരു തവണ കണ്‍സെന്റ് നൽകിയിട്ടുണ്ടെങ്കിൽ തന്നെ അത് പിന്‍വലിച്ച ശേഷമുള്ളത് പീഡനമെന്നാണ് എസ്ഐടി കോടതിയിൽ വാദിച്ചത്. രാഹുലിനെതിരെ ശേഖരിച്ച ഡിജിറ്റൽ തെളിവുകളും പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കാനുള്ള അപേക്ഷയും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഓൺലൈനായി എത്രയും വേഗം രഹസ്യ മൊഴി രേഖപ്പെടുത്താനാണ് നീക്കം. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായതോടെയാണ് ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയുന്നത്.
അതിനിടെ സൈബർ അധിക്ഷേപത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും കെഎസ്‌യു നേതാവുമായ ഫെന്നി നൈനാനെതിരെ പൊലീസ് കേസെടുത്തു. അതേസമയം പരാതിക്കാരിയുടെ ഐഡൻ്റിറ്റി പുറത്തുവരുന്ന തരത്തിൽ സൈബറാക്രമണം നടത്തിയതിനാണ് കേസ്. സൈബർ ആക്രമണത്തിൽ പരാതിക്കാരി നേരത്തെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് സൈബർ പൊലീസ് ഫെന്നി നൈനാനെതിരെ നടപടിയെടുത്തത്.
പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കനെയും പത്തനംതിട്ട സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, സൈബർ അധിക്ഷേപത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫെന്നി നൈനാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.