സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. 'ഓപ്പറേഷൻ ക്ലീൻ വീൽസ്' എന്ന പേരിലാണ് പരിശോധന നടത്തുന്നത്. മോട്ടോർ വാഹന വകുപ്പിലെ 17 റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും ഉൾപ്പെടെ ഇതുവരെ 81 ഓഫീസുകളിൽ പരിശോധന നടത്തിയതായാണ് റിപ്പോർട്ട്. ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ മലപ്പുറം, കാസർഗോഡ്, തൃശൂർ ആർടിഒ ഓഫീസുകളിൽ നിന്ന് പണം കണ്ടെത്തി. നിലമ്പൂർ ജോ. ആർടിഒ ഓഫീസിലെ പരിശോധനക്കിടെ പുറത്തേക്ക് എറിഞ്ഞ 49,500 രൂപ വിജിലൻസ് കണ്ടെടുത്തു. വൈകിട്ട് നാലുമണിയോടെയായിരുന്നു പരിശോധന നടത്തിയത്. ഈ സമയത്ത് ഓഫീസിലുണ്ടായിരുന്ന ഒരു ഏജൻ്റിൻ്റെ കയ്യിൽ നിന്നും 5000 രൂപയും വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്.
കാസർഗോഡ് ആർടിഒ ഓഫീസിൽ നിന്നും കണക്കിൽപ്പെടാത്ത 20,000 രൂപ കണ്ടെത്തി. ഗുരുവായൂർ ആർടിഒ ഓഫീസിൽ നിന്നും 2240 രൂപയും വിജിലൻസ് കണ്ടെടുത്തു. ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയതിനും തെളിവ് ലഭിച്ചിട്ടുണ്ട്.