ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന നടത്തിപ്പിൽ കോടികളുടെ തട്ടിപ്പും അഴിമതിയും; വിജിലൻസ് കണ്ടെത്തൽ 'ഓപ്പറേഷൻ സ്കിൽ ഗാർഡിൽ'

പരിശീലനം നൽകാതെയും ജോലി ലഭിച്ചെന്ന് കാട്ടിയും വ്യാജ സാലറി സർട്ടിഫിക്കറ്റുകൾ വഴിയും ഏജൻസികൾ ഫണ്ട് തട്ടിയെടുക്കുകയായിരുന്നു
vigilance department
വിജിലൻസ് ഡിപ്പാർട്ട്മെൻ്റ് Source: Facebook
Published on
Updated on

തിരുവനന്തപുരം: കേന്ദ്ര പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന നടത്തിപ്പിൽ സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പും അഴിമതിയും നടന്നെന്ന് വിജിലൻസ് കണ്ടെത്തൽ. ഓപ്പറേഷൻ സ്കിൽ ഗാർഡ് എന്ന പേരിൽ സംസ്ഥാനത്തെ 62 കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. പരിശീലനം നൽകാതെയും ജോലി ലഭിച്ചെന്ന് കാട്ടിയും വ്യാജ സാലറി സർട്ടിഫിക്കറ്റുകൾ വഴിയും ഏജൻസികൾ ഫണ്ട് തട്ടിയെടുക്കുകയായിരുന്നു. സ്വന്തം ജീവനക്കാരെ ട്രെയിനികളായി കാണിച്ചും പണം തട്ടിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി.

ഉദ്യോഗസ്ഥരും ഏജൻസികളും തമ്മിൽ അവിശുദ്ധ ഏജൻസി കൂട്ടുക്കെട്ടുണ്ട്. മതിയായ പ്രവൃർത്തിപരിചയമില്ലാത്ത ഏജൻസികൾക്ക് വഴിവിട്ട സഹായം നൽകി. പാലക്കാട് ഉദ്യോഗാർത്ഥികളുടെ പേരിൽ ഏജൻസികൾ തന്നെ ബാങ്ക് അക്കൗണ്ട് തുടങ്ങി പണം മാറ്റി. സംഭവത്തിൽ പണം തിരിച്ചുപിടിക്കുന്നതിലും ക്രമക്കേടുകൾ തടയുന്നതിലും പരാജയപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് നൽകാനാണ് വിജിലൻസ് നീക്കം. അഴിമതിക്ക് കൂട്ടുനിന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും ശുപാർശ നൽകും.

vigilance department
കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി; ക്ഷമ ചോദിക്കാന്‍ 'ആത്മാവിനെ' വിളിച്ചു വരുത്താന്‍ ബ്ലാക്ക് മാജിക്

ഗ്രാമീണമേഖലയിലെ തൊഴിൽ രഹിതരായ യുവതിയുവാക്കൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പരിശീലനം നൽകി തൊഴിൽ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന. ദീനദയാൽ ഉപാദ്ധ്യായയുടെ 98ാമത് ജന്മ വാർഷികമായ 2014 സപ്തംബർ 25 ന് കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും വെങ്കയ്യ നായിഡുവും ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായ ഈ പദ്ധതി, നിർദ്ധനരായ യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ദ്യ പരിശീനവും തൊഴിലും നൽകി ഒരു ഉപജീവന മാർ​ഗം പ്രദാനം ചെയ്യുകവഴി, ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമിടുന്നത്. 15നും 35നും ഇടയിൽ പ്രായമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, പ്രാക്തന ഗോത്ര വിഭാഗക്കാർ എന്നിവർക്ക് 45 വയസുവരെയാണ് പ്രായപരിധി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com