ഷാർജ: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെ കുടുംബം സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി.
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നും, കുഞ്ഞിൻ്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കുമെന്നും ഹർജി തീർപ്പാക്കുന്ന വേളയിൽ ഹൈക്കോടതി അറിയിച്ചു. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികൾ വേഗത്തിലാക്കാൻ എംബസിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
വിപഞ്ചികയുടെ മരണം കൊലപാതകമെന്ന് സംശയിച്ചാണ് വിപഞ്ചികയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്നും മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ സമ്മതിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
വിപഞ്ചികയുടെ മാതൃ സഹോദരിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വിപഞ്ചിക കടുത്ത ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായിരുന്നെന്ന് കുടുംബം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നു. യുഎഇ ഉദ്യോഗസ്ഥരിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും , കോടതി ഇടപെട്ട് കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ഷാര്‍ജയിലെ ഫ്ലാറ്റിലാണ് വിപഞ്ചികയേയും മകള്‍ വൈഭവിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിൻ്റെ പേരില്‍ തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും, ഗര്‍ഭിണിയായിരുന്ന സമയത്ത് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി വലിച്ചുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവും ഭര്‍തൃ പിതാവും ഭര്‍തൃ സഹോദരിയുമെന്ന് വിപഞ്ചിക ആത്മഹത്യക്കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു വിപഞ്ചിക. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറാണ് വിപഞ്ചികയുടെ ഭര്‍ത്താവ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ഒരു വര്‍ഷമായി പിണങ്ങി കഴിയുകയായിരുന്നു.