തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ തിരുമല അനിൽ ജീവനൊടുക്കിയ സംഭവം ഏറെ ചർച്ചയായിരുന്നു. തലസ്ഥാനത്തെ ബിജെപിയുടെ പ്രമുഖ നേതാവ് കൂടിയായ അനിലിന്റെ മരണത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയും, പാർട്ടിയുടെ പിന്തുണയില്ലായ്മയും കാരണമായെന്നാണ് കണ്ടെത്തൽ. ഇപ്പോഴിതാ പൊതുപ്രവർത്തകരുടെ സാമ്പത്തികാവസ്ഥയേയും, അതിൽ അവർ ദുരഭിമാനം വെടിയേണ്ടതിനെക്കുറിച്ചും പരാമർശിക്കുന്ന കുറിപ്പാണ് ചർച്ചയാകുന്നത്. എഴുത്തുകാരനു, സംഘപരിവാർ സഹയാത്രികനുമായ ഷാബു പ്രസാദാണ് ഫെയ്സ് ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. സംഘപരിവാറിന്റെ ഭാഗമായാൽ കയ്യിലുള്ളത് കൂടി പോകും എന്നത് തമാശ പറയുന്നതല്ലെന്നും കുറിപ്പിൽ പരാമർശിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം;
തിരുമല അനിലിനെക്കുറിച്ച് കേട്ടിട്ടേയുള്ളു നല്ലൊരു സംഘ കാര്യകർത്താവ്. നല്ല സ്വയംസേവകൻ. നല്ല ജനപ്രതിനിധി. അറിയാവുന്നവർക്കെല്ലാം നല്ലത് മാത്രം പറയാനുള്ള ഒരു നല്ല മനുഷ്യൻ. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ജനപ്രതിനിധിയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ മേയർ വരെ ആകാനുള്ള പൊട്ടൻഷ്യൽ ഉള്ള മനുഷ്യൻ. അങ്ങനെ ഒരു സീസൺഡ് പൊളിറ്റഷ്യൻ ആയ വ്യക്തി സാമ്പത്തിക പരാധീനത കാരണം ജീവനൊടുക്കുക എന്നത് കേരളത്തിന്റെ പൊളിറ്റിക്കൽ കൊണ്ടാക്സ്റ്റിൽ അവിശ്വസനീയമാണ്. കടല വിറ്റു നടന്ന ലോക്കൽ നേതാവൊക്കെ കോടീശ്വരമാരാകുന്ന നാട്ടിൽ, ഒരു സീനിയർ നേതാവിനു ഇങ്ങനെ സംഭവിക്കുക.
പക്ഷേ സംഘപരിവാറിനോട് ചേർന്ന് നിൽക്കുന്നവർക്ക് ഇതത്ര ആവിശ്വസനീയമായ കാര്യമല്ല... എനിക്കറിയാവുന്ന ഒട്ടുമിക്ക സംഘപരിവാർ നേതാക്കളും ബിജെപി നേതാക്കളുമെല്ലാം വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരാണ്... സംഘപരിവാറിന്റെ ഭാഗമായാൽ കയ്യിലുള്ളത് കൂടി പോകും എന്നത് തമാശ പറയുന്നതല്ല... നല്ല ജോലിയുണ്ടായിരുന്ന ബിജെപിയുടെ കേരളത്തിലെ ഒരു സീനിയർ നേതാവ് മുദ്ര ലോൺ ഒക്കെ എടുത്ത് വളരെ കഷ്ടപ്പെട്ട് ഒരു ചെറിയ ബിസിനസ്സ് നടത്തിയാണ് ജീവിക്കുന്നത്...അതുപോലെ കമ്മിറ്റഡ് ആയ പല പ്രവർത്തകരുടെയും അവസ്ഥ സാമ്പത്തികമായി ദയനീയമാണ്... അവരിതൊന്നും ആരോടും പറയുകയോ പങ്കുവെയ്ക്കുകയോ ചെയ്യാറില്ല... വലിയ പ്രശ്നങ്ങളിൽ അകപ്പെട്ടു പ്രതിസന്ധിയിൽ ആകുമ്പോൾ ആയിരിക്കും പലപ്പോഴും എല്ലാവരും അറിയുക... അതുവരെ അകം കത്തുമ്പോഴും മായാത്ത പുഞ്ചിരിയുമായി നമുക്കിടയിൽ ഒന്നും സംഭവിക്കാത്ത പോലെ അവർ ഉണ്ടാകും...
തിരുമല അനിലിന്റെ പ്രശ്നം പാർട്ടി അറിഞ്ഞു ഇടപെട്ടു വന്നപ്പോഴേക്കും ഇത്തിരി വൈകി എന്നാണ് തോന്നുന്നത്.. എങ്കിലും കഴിയാവുന്ന രീതിയിൽ ലോൺ എടുത്തവരെക്കൊണ്ട് തിരിച്ചടപ്പിക്കാനും ഡെപ്പോസിറ്റെഴ്സിനോട് സമയം ചോദിച്ചുമൊക്കെ കൈകാര്യം ചെയ്തു വന്നപ്പോഴേക്കും ഒരു ദുർബല നിമിഷത്തിൽ അദ്ദേഹം....
സത്യത്തിൽ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ദുരഭിമാനമാണ്... അങ്ങനെ ചെയ്യുന്നതിലും ഭേദം ചാകുന്നതാണ് എന്നതൊരു ചൊല്ല് തന്നെയാണ്... അല്ല സാർ.. ജീവനേക്കാൾ വലുതല്ല ഒരു അഭിമാനവും... വേണ്ടി വന്നാൽ പിച്ചയെടുക്കാനും മടിക്കരുത്... കടം കയറിയാൽ അതിൽ നിന്ന് രക്ഷപെടാനുള്ള മാർഗ്ഗം നോക്കണം.. ചിലപ്പോൾ പരാജയപ്പെട്ടേക്കാം, വാക്ക് പാലിക്കാൻ കഴിയാതെ വന്നേക്കാം, പരിഹസിക്കപ്പെട്ടേക്കാം, അടുത്ത സുഹൃത്തുക്കൾ പോലും തിരിഞ്ഞു നോക്കിയില്ലന്ന് വരാം... നാണക്കേട് സഹിക്കുക, സഹിച്ചുകൊണ്ട് ശ്രമിക്കുക, അധ്വാനിച്ചുകൊണ്ടേയിരിക്കുക...
നാണം കെട്ട് പണമുണ്ടാക്കിയാൽ നാണക്കേട് ആ പണം മാറ്റിക്കൊള്ളും എന്നത് ഒന്ന് തിരുത്തുക... കടം കാരണം മാനം പോയാൽ പണം വന്നാലത് മടങ്ങിവരും...
വേണ്ടി വന്നാൽ കടം ചോദിക്കാനും വാങ്ങാനും മടിക്കരുത്... പിടിച്ചു നിൽക്കുക എന്നത് തന്നെയാണ് പ്രധാനം...
നീണ്ട പൊതുപ്രവർത്തണിത്തിനിടയിൽ തിരുമല അനിൽ പഠിക്കാതെ പോയത് ഇപ്പറഞ്ഞതൊക്കെയാണ്... ഇത് വളരെ പ്രധാനമാണ്... സ്വയംസേവകരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും...