കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ കോർപ്പറേഷൻ തോൽവിയെ കുറിച്ചുള്ള സിപിഐഎം റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്കിടെ നാടകീയ രംഗങ്ങൾ. പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയായെന്ന റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനിടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മേയർ സ്ഥാനാർഥിയുമായിരുന്ന വി.കെ. അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്നാണ് അനിരുദ്ധൻ ഇറങ്ങിപ്പോയത്.
നാടകവും, സാമ്പശിവൻ്റെ കഥാപ്രസംഗവും കണ്ടാണ് സിപിഐഎമ്മിൽ എത്തിയതെന്നും പാർട്ടിയാണ് തനിക്ക് എല്ലാമെന്നും വി.കെ. അനിരുദ്ധൻ ജില്ലാ കമ്മിറ്റി യോഗത്തിൽ മറുപടി നൽകി. ഇതിന് ശേഷമായിരുന്നു വി.കെ. അനിരുദ്ധൻ കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് കൊല്ലം കോർപ്പറേഷനിൽ സിപിഐഎം നേരിട്ടത്. സിറ്റിങ് സീറ്റുകളിൽ പോലും സിപിഐഎമ്മിന് ഭരണം നഷ്ടപ്പെട്ടു. ഇത് വിലയിരുത്താനാണ് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേർന്നത്. ഇതിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.