എറണാകുളം: അന്തരിച്ച മുൻ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിന് വിട നൽകി നാട്. ഖബറടക്കം ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം നടന്നത്. മുസ്ലീം ലീഗ്, യുഡിഎഫ് നേതാക്കൾ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ഇന്നലെ ഉച്ച കഴിഞ്ഞ് എറണാകുളത്തെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചത്. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ഏഴ് മണി മുതൽ പൊതുദർശനം നടന്ന കളമശേരി ഞാലകം കൺവൻഷൻ സെന്ററിലും ആലുവ തോട്ടക്കാട്ടുകരയിലെ വീട്ടിലും എത്തി നിരവധി പേർ അന്ത്യഞ്ജലി അർപ്പിച്ചു.
2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരിയിൽ നിന്നും 2011, 2016 വർഷങ്ങളിൽ കളമശേരിയിൽ നിന്നുമാണ് ഇബ്രാഹിം കുഞ്ഞ് നിയമസഭയിൽ എത്തിയത്. പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോൾ 2005ൽ വ്യവസായ മന്ത്രിയായി. 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
25 വർഷം മുസ്ലീം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയും പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ചെയർമാൻ ആയിരുന്നു. കൊച്ചി വിമാനത്താവള കമ്പനി ഡയറക്ടർ ബോർഡിലും അദ്ദേഹം ഉണ്ടായിരുന്നു. നിരവധി കമ്പനികളിലെ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം വഹിച്ചു.